തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി എവിടെ പോയാണ് ഏറ്റെടുക്കേണ്ടതെന്ന് വിഎസ്.
പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പ്രഖ്യാപിച്ചവരോട് തന്നെ ഇതിന്റെ കാരണം ചോദിക്കണമെന്ന്’ പറഞ്ഞതില്‍ കൂടുതല്‍ വിശദീകരണം തേടിയവരോടാണ് വിഎസിന്റെ ഈ പ്രതികരണം.
വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷനാക്കി കഴിഞ്ഞമാസം 6-ാം തിയതി ഉത്തരവിറക്കുകയും സ്റ്റാഫ് സംബന്ധിച്ചും മറ്റും 30ന് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്ത് വരികയും ചെയ്തിട്ടുണ്ടെങ്കിലും ഓഫീസടക്കമുള്ള മറ്റ് ഭൗതീക സാഹചര്യങ്ങള്‍ ഇതുവരെ ശരിയാകാത്തതാണ് വിഎസിനെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്.
തന്റെ സ്റ്റാഫിലെ നിയമനത്തില്‍ മുന്‍പ് കൂടെ നിന്നവരില്‍ ചിലര്‍ വേണമെന്ന താല്‍പര്യവും വിഎസിനുണ്ട്. ഇക്കാര്യങ്ങളില്‍ സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
വിഎസ് എന്തുകൊണ്ട് അധികാരമേല്‍ക്കുന്നില്ല എന്ന് ചോദിക്കുന്നവര്‍ എവിടെപ്പോയി അധികാരമേല്‍ക്കണമെന്ന് കൂടി പറയണമെന്നാണ് വിഎസിന്റെ അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞ് വലിച്ച് നീട്ടുന്നതും വിഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
സ്റ്റാഫില്‍ ആകെ അനുവദിച്ച 31 പേരില്‍ 14 പേരെ നിശ്ചയിക്കാനുള്ള അധികാരം അദ്ധ്യക്ഷനെന്ന നിലയില്‍ വിഎസിനാണ്. മുന്‍പ് വിഎസിനൊപ്പം നിന്നതിന്റെ പേരില്‍ നടപടിക്ക് വിധേയനായ പ്രമുഖന്‍ സ്റ്റാഫില്‍ വേണമെന്ന താല്‍പര്യം വിഎസിന് ഉണ്ടെന്നാണ് സൂചന.
ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാവും.
പിണറായി സര്‍ക്കാര്‍ 100ദിനം പിന്നിടുമ്പോള്‍ എതിര്‍ശബ്ദം ശക്തമായി പ്രകടിപ്പിക്കാന്‍ പ്രതിപക്ഷത്തിന് പോലും കഴിയാത്ത സാഹചര്യം സംസ്ഥാനത്തുള്ളത് വിഎസിന്റെ വരവോടെ മാറിമറിയുമോയെന്ന ഭീതി സര്‍ക്കാരിനുണ്ട്.
പ്രതിപക്ഷ ‘നാവായി’ വിഎസ് ഉയര്‍ന്നാല്‍ തലവേദനയാവുമെന്നതിനാല്‍ പരമാവധി സ്ഥാനം ഏറ്റെടുക്കല്‍ വൈകിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ മെല്ലെപോക്കെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന നിലയില്‍ വിഎസ് എടുക്കുന്ന നിലപാടുകള്‍ പാടെ തള്ളിക്കളയാന്‍ സര്‍ക്കാരിനാവില്ല. ഇതുതന്നെയാണ് ഇപ്പോഴത്തെ മെല്ലെപോക്കിന് കാരണമെന്നാണ് പറയപ്പെടുന്നത്.