പരീക്ഷാഭവനില്‍ വ്യാപക ക്രമക്കേടുകള്‍; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ പരാതി

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പരീക്ഷാ ഭവനില്‍ ക്രമക്കേടുകള്‍ വ്യാപകമെന്ന് പരാതി. തിരുത്തലുകള്‍ക്കും സര്‍ട്ടിഫിക്കറ്റിനുമായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതും ചെലാനില്‍ ക്രമക്കേട് കാണിച്ച് പണം തട്ടുന്നതുമായ നിരവധി പരാതികളാണ് ഉയരുന്നത്. കാലിക്കറ്റില്‍ വ്യാജ ചെലാന് മാഫിയ പ്രവര്‍ത്തിക്കുന്നുവെന്നരോപിച്ച് സിന്ഡിക്കേറ്റംഗം റഷിദ് അഹമ്മദ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.

സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ വന്നവരില് നിന്ന് കൈക്കൂലി വാങ്ങിയതിന് രണ്ട് ജീവനക്കാരെ യൂനിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ട്ടിഫിക്കറ്റ് വാങ്ങാനും തിരുത്തല്‍ വരുത്താനും മറ്റുമായി വരുന്നവരെ ലക്ഷ്യം വെച്ച് വലിയൊരു സംഘം തന്നെ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

കൈക്കൂലി ഈടാക്കുന്നതിനൊപ്പം യൂനിവേഴ്‌സിറ്റിക്ക് കിട്ടേണ്ട ചട്ടപ്രകാരമുള്ള ഫീസിലും വെട്ടിപ്പ് നടക്കുന്നു. പണമടക്കാനുള്ള ചെലാനില്‍ തിരുത്തല്‍ വരുത്തിയാണ് യൂനിവേഴ്‌സിറ്റിയെ പറ്റിക്കുന്നത്. 2019 ല്‍ തന്നെ ഇക്കാര്യം യൂനിവേഴ്‌സിറ്റിയെ അറിച്ചെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് സിന്ഡിക്കേറ്റംഗം ആരോപിച്ചു.

Top