മാർക്സിനെതിരായ പരാമർശത്തിൽ മുനീറിനെതിരെ വ്യാപക പ്രതിഷേധം…

മുസ്ലീംലീഗ് നേതാവ് എം.കെ മുനീറിന് കാര്യമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നാവിൽ നിന്നും പുറത്തു വരുന്ന വാക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. ഡോക്ടറായ മുനീറിനെ ചികിത്സിക്കാൻ ലീഗ് നേതൃത്വം തയ്യാറായില്ലങ്കിൽ ആ ദൗത്യം പ്രതികരണ ശേഷിയുള്ള ജനതക്കാണ് ഏറ്റെടുക്കേണ്ടി വരിക. ആരെക്കുറിച്ചും എന്തും പറയാം എന്ന നിലപാട് സി.എച്ചിന്റെ മകനിൽ നിന്നും രാഷ്ട്രീയ കേരളം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിദ്യാസമ്പന്നനായ മുനീർ, കവല ചട്ടമ്പിയുടെ നിലവാരത്തിലേക്കാണ് ഇപ്പോൾ സ്വയം തരം താണിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപത്തിനു പിന്നാലെ, മഹാനായ മാർക്സിനെ പോലും വെറുതെ വിടാതെയാണ് അദ്ദേഹം വൃത്തികെട്ട പരാമർശവുമായി മുന്നോട്ട് പോകുന്നത്. “മാര്‍ക്‌സിനെപ്പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യന്‍ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല”ന്നതാണ് മുനീറിൻ്റെ പ്രതികരണം. മദ്യത്തിന് അടിമയാണ്, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല… തുടങ്ങിയവയൊക്കെയാണ് അദ്ദേഹം മാര്‍ക്‌സിന് ചാർത്തി കൊടുത്തിരിക്കുന്ന വിശേഷണങ്ങൾ.

കാള്‍ മാര്‍ക്‌സിന്റെ ഭാര്യയും വീട്ടുജോലിക്കാരിയും ഒരുമിച്ചാണ് ഗര്‍ഭിണിയായ തെന്നും വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാള്‍ മാര്‍ക്‌സിനെ വാര്‍ത്തുവെച്ചതുപോലെയാണെന്നും മുനീർ തുറന്നടിക്കുകയുണ്ടായി. അത്യന്തം അപലപനീയമായ പ്രതികരണങ്ങളാണിത്. വ്യക്തിപരമായി തിരിച്ചും ആരോപണമുന്നയിക്കുക ആണെങ്കിൽ മുനീറിനുൾപ്പെടെ തല ഉയർത്തി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും എന്നത് ഓർക്കുന്നത് നല്ലതാണ്. അന്ധമായ ചുവപ്പ് വിരോധം മുനീറിൻ്റെ സമനിലയാണ് തെറ്റിച്ചിരിക്കുന്നത്. മുസ്ലീംലീഗ് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്ന ഭയമാണ് ഇതിനെല്ലാം പ്രേരണ. നിലവിൽ ലീഗിൽ ഒറ്റപ്പെട്ട നിലയിലാണ് മുനീറും കെ.എം ഷാജിയും നയിക്കുന്ന വിഭാഗമുള്ളത്. യു.ഡി.എഫിൽ തുടർന്നാൽ ലീഗ് തന്നെ ഇല്ലാതാകുമെന്ന ആശങ്കയാണ് നേതാക്കളിലും അണികളിലും പടരുന്നത്. ഈ ആശങ്ക, ലോകസഭ തിരഞ്ഞെടുപ്പോടെ പൊട്ടിത്തെറിച്ച് ഇടതുപക്ഷ സഖ്യ സാധ്യത തേടാൻ നിർബന്ധിതമാകുമെന്നാണ് മുനീർ വിഭാഗം ഭയക്കുന്നത്.

ഈ സാധ്യത മുടക്കാൻ ഇടതുപക്ഷത്തിനും ലീഗിനും ഇടയിൽ ശത്രുത വർദ്ധിപ്പിക്കാനാണ് നീക്കം. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എതിരെ രൂക്ഷ വിമർശനം ഉയർത്തിയതും കാൾ മാർക്സിനെ കടന്നാക്രമിച്ചതും അതുകൊണ്ടാണ്. മാർക്സ് വൃത്തികെട്ടവനാണെന്നും ചുവപ്പ് പ്രത്യയശാസ്ത്രം വൃത്തികെട്ടതാണെന്നും സ്ഥാപിക്കാനാണ് വിവാദ പരാമർശത്തിലൂടെ മുനീർ ശ്രമിച്ചിരിക്കുന്നത്. പൊതു സമൂഹത്തെ തെറ്റിധരിപ്പിക്കാൻ കഴിയില്ലങ്കിലും ലീഗിനെ പിന്തുണയ്ക്കുന്ന ജനവിഭാഗത്തിലെങ്കിലും അത് സാധ്യമാകുമോ എന്നതാണ് ഇപ്പോഴത്തെ ശ്രമം. എന്നാൽ, “ഡോക്ടർ നേതാവിന്റെ” ഈ വിവാദ പ്രസ്താവനയിൽ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾക്കിടയിൽ തന്നെ കടുത്ത എതിർപ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുനീറിൻ്റെ അനവസരത്തിലുള്ള പ്രതികരണത്തിനു പിന്നിലെ താൽപ്പര്യം സി.പി.എം നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രകോപനപരമായ ഒരു നിലപാട് സി.പി.എമ്മും സ്വീകരിച്ചിട്ടില്ല. മുനീർ എന്ന രാഷ്ട്രിയ നേതാവിന്റെ തനിനിറം തുറന്നുകാട്ടാൻ വിവാദ പരാമർശം ഇടയാക്കിയെന്നാണ് സി.പി.എം വിലയിരുത്തൽ. മുനീറിൻ്റെ അടുത്ത സുഹൃത്തും സി.പി.എം വിമർശകനുമായ എം.എൻ കാരശ്ശേരിക്ക് പോലും മുനീറിന്റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വരേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മുനീറിൽ നിന്നും താനിത് പ്രതീക്ഷിച്ചില്ല എന്നാണ് കാരശ്ശേരി പ്രതികരിച്ചിരിക്കുന്നത്.

എക്കാലത്തും മുതലാളിത്ത നിലപാടിനൊപ്പം നിൽക്കുന്ന മുനീറിന് ”മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാൾ മാർക്സിന്റെ ആശയത്തെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുകയില്ല. മനുഷ്യരാശി ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് എറ്റവും മികച്ച മനുഷ്യ മോചന പോരാട്ടത്തിന്റെ നായകനാണ് കാൾ മാർക്സ്. മാർക്സായിരുന്നു ശരിയെന്നും ആ ആശയങ്ങൾ ഒരു അനിവാര്യതയാണെന്നും ഇന്നും… കാലം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. മാർക്സ് തന്റെ ചിന്താധാരകൾ മനുഷ്യരാശിക്ക് വിശദീകരിച്ചുകൊടുത്ത ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മത നേതൃത്വങ്ങളും അദ്ദേഹത്തെ കഠിനമായാണ് ആക്ഷേപിച്ചിരുന്നത്.

‘സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന മാർക്സിന്റെ മഹത്തായ ആഹ്വാനം പോലും അന്നത്തെ ഭരണകൂടങ്ങളെ വിറപ്പിക്കുന്നതായിരുന്നു.
മുതലാളിത്തത്തിന് ബദൽ സോഷ്യലിസം മാത്രമാണെന്ന് ലോകം മനസിലാക്കിക്കഴിഞ്ഞു. കാലഘട്ടങ്ങളും കടന്ന് ഇന്നും കാലികമായി നിലനിൽക്കുന്ന ദർശനങ്ങളും നിരീക്ഷണങ്ങളുമുണ്ടെങ്കിൽ, അത് കാൾ മാർക്സിന്റേതു മാത്രമാണ്. അതാണ് അദ്ദേഹത്തെ മറ്റു സൈദ്ധാന്തികരിൽനിന്നു വ്യത്യസ്തനാക്കുന്നതും….

മുതലാളിത്തം… ലോകമാകെ വ്യാപിച്ച ഒരു മഹാമാരിക്കുമുന്നിൽ പതറിനിന്നപ്പോൾ കമ്യൂണിസ്റ്റ് ആശയങ്ങൾ പിൻപറ്റുന്ന ശരിയുടെ ഇടങ്ങൾ അതിജീവനത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും ഒക്കെ മാതൃകകളാണ് ലോകത്തിന് മുന്നിലേക്ക് വച്ചിരുന്നത്. പുതിയ കാലത്തെ പുതിയ കാഴ്ചകളാണ് അതെല്ലാം. ഒരു വ്യവസ്ഥ നിലനിൽക്കുന്ന കാലത്തോളം മാർക്സിനും അദ്ദേഹത്തിന്റെ വിശകലനങ്ങൾക്കും ഏറെ പ്രസക്തിയുണ്ട്. മുതലാളിത്തത്തെക്കുറിച്ചാണ് മാർക്സ് ഏറ്റവുമധികം എഴുതിയിട്ടുള്ളത് ലോകത്ത് ഇപ്പോഴും ശക്തമായി മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുന്നതിനാൽ അതു കൊണ്ടു തന്നെ ഇന്നും നമുക്ക് കാൾ മാർക്സ് ഒരു വഴികാട്ടി തന്നെയാണ്. വൃത്തികേട് വിളിച്ചു പറയുന്ന എം.കെ മുനീർ അതും ഓർക്കുന്നത് നല്ലതാണ്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം ഒട്ടേറെ രാജ്യങ്ങളിൽ മാർക്സിസ്റ്റുകൾ പിൻവലിയുകയും സംഘടനകൾ ഇല്ലാതാകുകയും ചെയ്തിട്ടുണ്ടെങ്കിലും അതിൽനിന്നും അൽപം വ്യത്യസ്തമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കമ്യൂണിസം കൂടുതൽ ശക്തിയാർജിക്കുകയും മുതലാളിത്ത വ്യവസ്ഥിതി നിലനിൽക്കുകയും ചെയ്യുന്നതിനാൽ മാർക്സിയൻ സിദ്ധാന്തങ്ങളിലേക്കാണ് സമൂഹം വീണ്ടും മടങ്ങുന്നത്. റഷ്യയിൽ ഒരു വിപ്ലവം നടക്കുമെന്ന് മരണത്തോടടുക്കുന്ന കാലത്തു മാർക്സ് സൂചിപ്പിച്ചിരുന്നു. ആ വിപ്ലവം സംഭവിക്കുകയും ചെയ്തു. അതാണു മാർക്സിന്റെ ദീർഘവീക്ഷണം. “അടിമത്തം എന്നതു വംശീയത കൂടിയാണെന്ന് ” എടുത്തു പറഞ്ഞതും മാർക്സാണ്. സാമൂഹിക മുന്നേറ്റങ്ങളെ ഒന്നിപ്പിക്കാൻ മാർക്സിയൻ തിയറിയല്ലാതെ ഇന്നു മറ്റൊന്നുമില്ല. അതു കൊണ്ടാണ് ലാറ്റിൻ അമേരിക്ക ഉൾപ്പെടെ ലോകത്തിൻ്റെ പല രാജ്യങ്ങളിലെ മുന്നേറ്റങ്ങളും മാർക്സിസ്റ്റ് എന്ന പേരിൽത്തന്നെ ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.

വ്യക്തിഹത്യ നടത്തുന്നത് വലിയ ‘മിടുക്കായി’ കരുതുന്ന ഡോക്ടർ മുനീർ രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളെ കൊണ്ട് ഒരിക്കലും ലോകത്തെ നോക്കി കാണരുത്. പൊട്ടക്കിണറ്റിൽ വീണ തവളകളെ പോലെ ഇതാണ് ലോകമെന്ന് കരുതി അഹങ്കരിക്കുകയും ചെയ്യരുത്. മാർക്സ് എന്ന പേര് പോലും ഉച്ചരിക്കാനുള്ള അർഹത പോലും താങ്കൾക്കില്ല. ഡോക്ടറായതു കൊണ്ടു മാത്രം കാര്യമില്ല. ആദ്യം മനുഷ്യനെ അറിയണം അവൻ്റെ മനസ്സറിയണം അവൻ്റെ വേദനകളും ദുരിതങ്ങളും അറിയണം. അതിനു പരിഹാരം നിർദ്ദേശിക്കാനും കഴിയണം. ഇതെല്ലാം സ്റ്റെതസ്കോപ്പ് വച്ച് നോക്കിയാൽ കാണാൻ കഴിയുകയില്ല. അവിടെയാണ് മാർക്സ് എന്ന… കാലം അതിജീവിച്ച ആശയവും വ്യത്യസ്തമാകുന്നത്. ഈ ചരിത്രമൊന്നും മുനീറിന് അറിയില്ലങ്കിൽ ചരിത്ര താളുകൾ മറച്ചു നോക്കുകയാണ് വേണ്ടത്.

ജർമനിയിലെ മോസേൽ നദിയുടെ തീരത്തുള്ള ട്രിയർ നഗരത്തിലാണ്, കാൾമാർക്സ് ജനിച്ചിരുന്നത്. എട്ട് സഹോദരങ്ങൾ അടങ്ങുന്ന കുടുംബത്തിലെ മൂന്നാമനായിരുന്നു മാർക്‌സ്. അച്ഛൻ അഭിഭാഷക പ്രമുഖനായിരുന്ന ഹെന്റിച് മാർക്സ് ആയിരുന്നു. അമ്മ ഹെന്റീത്ത. മാർക്സിൻ്റെ പ്രാഥമികവിദ്യാഭ്യാസം ജന്മനഗരമായ ട്രയറിൽ. തുടർന്ന് ബോൺ, ബെർലിൻ സർവകലാശാലകളിലെ വിദ്യാഭ്യാസത്തിനുശേഷം 1841 ഏപ്രിൽ 15ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചുവളർന്ന പ്രിയപ്പെട്ട കൂട്ടുകാരി ജെന്നി വോൺ വെസ്റ്റഫാലനെയാണ് മാർക്സ് വിവാഹം കഴിച്ചത്. അതിസമ്പന്നമായ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു ജെന്നി. ജെന്നിയുടെ കുടുംബക്കാർക്ക് വിവാഹത്തോട് എതിർപ്പുണ്ടായതും സ്വാഭാവികമാണ്. ജന്മനാ തനിക്ക് ലഭിച്ച എല്ലാ സുഖവും സമ്പത്തും ത്യജിച്ചാണ് ജെന്നി ഭർത്താവിനെ അനുഗമിച്ചിരുന്നത്. ദരിദ്രരുടെയും കൂലിവേലക്കാരുടെയും ഉന്നമനത്തിനായി മാർക്സിനൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച് ജെന്നിയും ഒരു വിപ്ലവകാരിയായി മാറി.

യൗവ്വനത്തിൽ ജർമനിയിൽ നിന്ന് പാരീസിലെത്തിയ മാർക്സിന് കൂട്ടായി ഏംഗൽസിനെ കൂടി കിട്ടിയതോടെയാണ് ലോകത്തിന്റെ ആശയഗതി നിശ്ചയിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവിയുണ്ടായത്. ലോകത്തെ മാറ്റിമറിച്ച സൗഹൃദം ഏതെന്ന ചോദ്യത്തിന് ഇന്നും ഒറ്റ ഉത്തരമേയുള്ളൂ. അതാണ് ഈ
കമ്യൂണിസ്റ്റ് സൗഹൃദം.

1848-ൽ പുറത്തിറങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മതാധിഷ്ടിതവും സ്വത്താധിഷ്ടവുമായ ലോകത്തിന് പുതിയൊരു വർഗത്തെയാണ് പരിചയപ്പെടുത്തിയിരുന്നത്. അതാണ് തൊഴിലാളി വർഗം. 1867 ൽ പുറത്തിറങ്ങിയ ‘മൂലധനം’… തൊഴിലാളികളാണ് ലോകത്തിന്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തെ ചുവപ്പിച്ച ആ പ്രഖ്യാപനം, മുതലാളിത്തത്തിന്റെ കോട്ടകളെയാണ് തകർത്തെറിഞ്ഞിരുന്നത്. റഷ്യയിലും ചൈനയിലും കിഴക്കൻ യൂറോപ്പിലും തുടങ്ങി …. നമ്മുടെ കൊച്ചു കേരളത്തിലുൾപ്പെടെ അതിന്റെ അലയൊലികളാണ് എത്തിയത്. ഈ മണ്ണും അതോടെയാണ് ചുവന്നത്.

പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം… മെച്ചപ്പെട്ട കൂലി… സ്വന്തമായി ഭൂമി… സാമൂഹ്യ സുരക്ഷ…. എന്നിങ്ങനെ, തൊഴിലാളി വർഗത്തിനുമേൽ അവകാശ ബോധവും കരുത്തും വളർത്തിയെടുത്തത്, ഈ മഹത്തായ ആശയമാണ്. 1847ൽ, ബ്രസൽസിലെത്തിയ മാർക്സും എംഗൽസും, കമ്യൂണിസ്റ്റ് ലീഗിൽ അംഗങ്ങളായി. അവർ ലീഗിന്റെ രണ്ടാം കോൺഗ്രസിൽ പ്രധാന പങ്കുവഹിക്കുകയും പിന്നീട് 1848 ഫെബ്രുവരി 24ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് മാർക്സിന് വയസ്സ് 30 ആണ് എന്നതും നാം ഓർക്കണം. വർഗസമരത്തെക്കുറിച്ചും, പുതിയ കമ്യൂണിസ്റ്റ് സമൂഹത്തിന്റെ പ്രപഞ്ചവീക്ഷണത്തെക്കുറിച്ചും പ്രതിഭാസമ്പന്നമായ തെളിച്ചത്തോടുകൂടിയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇരുവരും വരച്ചുകാട്ടിയിരുന്നത്.

പട്ടിണപാവങ്ങളുടെ മോചനത്തിനിറങ്ങിയ മാർക്സിനും കുടുംബത്തിനും കൊടും ദാരിദ്ര്യം അനുഭവിക്കേണ്ടിവന്ന കഥയും വ്യക്തിഹത്യ നടത്തുന്ന മുനീർ അറിയണം. ലണ്ടനിൽ കഴിയവെ ഉള്ള ഭക്ഷണം മക്കൾക്ക് നൽകുകയും വിശപ്പിലും കൊടും തണുപ്പിലും തളർന്നുവീഴുകയും ചെയ്ത… മാർക്സിനെപ്പറ്റിയും മരിച്ച മക്കളുടെ മൃതദേഹം മറവ് ചെയ്യാനുള്ള പണത്തിന് കിടക്കയും ഓട്ടുപാത്രങ്ങളും വിറ്റ അനുഭവങ്ങളുമെല്ലാം ആ കഥയിൽ ജെന്നി രേഖപ്പെടുത്തിയിട്ടുണ്ട്.

1864 സെപ്തംബർ 28ന്, ലണ്ടനിലാണ് ലോകത്തിൽ ആദ്യമായി തൊഴിലാളികൾക്കു വേണ്ടി ചരിത്രപ്രസിദ്ധമായ ഒന്നാം ഇന്റർനാഷണൽ സ്ഥാപിതമായത്. മാർക്സായിരുന്നു ആ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നത്. ഇന്റർനാഷണലിലെ ആയാസകരമായ പ്രവർത്തനവും അതിനേക്കാൾ ആയാസകരമായ സൈദ്ധാന്തികപ്രവർത്തനവുംമൂലം മാർക്സിന്റെ ആരോഗ്യമാണ് തകർന്നത്. അനാരോഗ്യത്താൽ ‘മൂലധനം’ അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല. ജെന്നിയുടെ ജീവൻ കവർന്ന രോഗം മാർക്സിന്റെ ആയുസ്സാണ് കുറച്ചിരുന്നത്.

1881 ഡിസംബർ രണ്ടിന് ജെന്നി അന്തരിച്ചു. മാർക്സിനെ പോലെ തന്നെ അവർ ജീവിച്ചതും മരിച്ചതും കമ്യൂണിസ്റ്റുകാരിയായും ഭൗതികവാദി ആയിട്ടുമാണ്. ഭാര്യയുടെ മരണശേഷം മാർക്സിന്റെ ജീവിതം ക്ലേശങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു. അദ്ദേഹം അവയെല്ലാം സധൈര്യം സഹിച്ചു. മൂത്തമകളുടെ മരണം അദ്ദേഹത്തെ കൂടുതൽ ദുഃഖത്തിലാക്കി. 1883 മാർച്ച് 14ന്, അറുപത്തഞ്ചാം വയസ്സിൽ ഭാര്യക്കും മകൾക്കും പിന്നാലെ മാർക്സ് എന്ന ആ വലിയ മനുഷ്യ സ്നേഹിയും ലോകത്തോട് വിട പറഞ്ഞു.

മാർക്സിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ചരിത്രപരമായ ഒരു ചാലകശക്തി മാത്രമല്ല ഒരു വിപ്ലവശക്തി കൂടിയാണ്. ശാസ്ത്രനേട്ടങ്ങളെയെല്ലാം അദ്ദേഹം അത്യാഹ്ളാദത്തോടെ വിലയിരുത്തുകയും വ്യക്തമായി വിശദീകരിക്കുകയും ചെയ്തിരുന്നു. നാടുകടത്താനും അപമാനിക്കാനും ബൂർഷ്വാസിയും ഗവൺമെന്റും മത്സരിച്ചപ്പോൾ ഒരു ചിലന്തിവലയെ തൂത്തുകളയുന്ന ലാഘവത്തോടെയാണ് അതിനെയെല്ലാം മാർക്സ് അവഗണിച്ചിരുന്നത്.

നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും ജ്വലിക്കുന്ന പ്രതീകമാണ് കാൾ മാർക്സ്. മാനവരാശിയുടെ ചരിത്രത്തിൽ ഇത്രയധികം ചർച്ച ചെയ്യപ്പെടുകയും സ്വീകാര്യത ലഭിക്കുകയുംചെയ്ത മറ്റൊരു ദാർശനികനുമില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല. മാർക്‌സിസം അജയ്യമാണ് അതു കൊണ്ടു തന്നെ ഈ തത്വശാസ്ത്രത്തിന്റെ പ്രസക്തിയും എക്കാലവും നിലനിൽക്കുക തന്നെ ചെയ്യും. മാർക്സിന് എതിരാളികൾ അനേകം ഉണ്ടായിരുന്നെങ്കിലും വിമർശനങ്ങൾ ഏറെ നേരിട്ടെങ്കിലും അതൊന്നും തന്നെ വ്യക്തിപരമായിരുന്നില്ല. ഒരാൾപോലും അദ്ദേഹത്തെ ജീവിച്ചിരിക്കുമ്പോൾ എതിർത്തിട്ടുമില്ല. മാർക്സ് മരിച്ച് രണ്ടു നൂറ്റാണ്ടിനു ശേഷം ആ കർത്തവ്യം ഇപ്പോൾ നിർവ്വഹിച്ചിരിക്കുന്നത് ഡോക്ടർ എം.കെ മുനീറാണ്. സമ്പന്നതയുടെ അടിത്തട്ടിൽ വളർന്ന് സമ്പന്ന വിഭാഗത്തിനു വേണ്ടി നിലകൊള്ളുന്ന മുനീറിന് മാർക്സിനെ വിമർശിക്കാം, എന്നാൽ അതിന് ഒരു മാന്യതയൊക്കെ വേണം. അതല്ലാതെ ലോക ചരിത്രത്തിൻ്റെ ഗതി തന്നെ തിരിച്ച ഒരു മനുഷ്യനെ കുറിച്ച് വൃത്തികേടുകൾ വിളിച്ചു പറഞ്ഞാൽ തെമ്മാടി… എന്ന് തിരിച്ച് മുനീറിനെയും വിളിക്കേണ്ടി വരും. അത് കേൾക്കാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്.

EXPRESS KERALA VIEW

Top