തമിഴ് സിനിമ മേഖലയില്‍ വ്യാപക റെയ്ഡ്; കണക്കിൽപ്പെടാത്ത പണമിടപാടുകളും നിക്ഷേപങ്ങളും

ചെന്നൈ: തമിഴ് സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍ ശനിയാഴ്ച ഇന്‍കംടാക്സ് വിഭാഗം വ്യാപകമായ റെയ്ഡ് നടത്തി. ചെന്നൈ, മധുര, കോയമ്പത്തൂർ, വെല്ലൂർ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും ഉൾപ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനമാണ് പരിശോധനയിൽ പിടിച്ചെടുത്തത് എന്നാണ് വിവരം. 2022 ഓഗസ്റ്റ് 2ന് ഇന്‍കംടാക്സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. തമിഴ് സിനിമ രംഗത്തെ നിർമ്മാതാക്കൾ, വിതരണക്കാർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ പരിശോധന നടന്നത് എന്നാണ് വിവരം.

കണക്കിൽപ്പെടാത്ത പണമിടപാടുകളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പ്രസ്താവനയിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം റെയിഡ് നടത്തിയെന്നാണ് സിബിഡിടി പറയുന്നത്.

നികുതി വെട്ടിപ്പ് വെളിപ്പെടുത്തുന്ന തെളിവുകൾ സിബിഡിടി ലഭിച്ചുവെന്നാണ് വിവരം. കണക്കില്‍ കാണിച്ചിരുന്ന തുകയേക്കാൾ വളരെ കൂടുതലാണ് സിനിമകളിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥ തുകയെന്നാണ് ഇന്‍കംടാക്സ് അധികൃതര്‍ പറയുന്നത്. സിനിമ നിര്‍മ്മാണത്തിന് പണം നല്‍കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവായ്പയുമായി ബന്ധപ്പെട്ട പ്രോമിസറി നോട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കണക്കില്ലാത്ത വായ്പ്പകള്‍ എടുത്ത ഒന്നിലധികം വന്‍കിട നിര്‍മ്മണ കമ്പനികള്‍ ഉണ്ടെന്നാണ് സൂചന.

Top