സംസ്ഥാനത്ത് ഇന്നും വ്യാപക മഴ, വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. വടക്കന്‍ കേരളത്തില്‍ മഴ കനക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.

മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.

അതേസമയം കനത്ത മഴയെ തുടര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു.

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ് സ്‌കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്‌കൂള്‍, വെങ്ങപ്പള്ളി ആര്‍.സി എല്‍.പി സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂര്‍ണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.

Top