പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; നാല് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാള്‍: ബംഗാളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. നാല് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്നലെ രണ്ടു പേരും ഇന്ന് രാവിലെ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ദൊംകോളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ മുര്‍ഷിദാബാദിലെ ബെല്‍ദംഗയിലാണ് ടി.എം.സി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചത്. കൂച്ച്ബിഹാറിലെ തുഫാന്‍ഗുഞ്ചില്‍ കുത്തേറ്റാണ് മറ്റൊരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖാര്‍ഗ്രാമില്‍ കുത്തേറ്റും റെജിനഗറില്‍ പെട്രോള്‍ ബോംബ് സ്ഫോടനത്തിലുമാണ് രണ്ടുപേര്‍ മരിച്ചത്.

കൂച്ച്ബിഹാറില്‍ നടന്ന ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകന് പരിക്കേറ്റു. ഒക്രബാരി ഗ്രാമപഞ്ചായത്തിലെ മഹേശ്വരിയിലാണ് സംഭവം. കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി അന്‍സാര്‍ അലിയുടെ അമ്മാവനും സി.പി.എം പ്രവര്‍ത്തകനുമായ ഹഫീസുര്‍ റഹ്‌മാന് (റഫീഖ്) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.

Top