ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം. തീവ്ര മുസ്ലിം സംഘടനകളില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഹിന്ദു ക്ഷേത്രവും ട്രെയിനും ആക്രമിച്ചു. ഞായറാഴ്ചയാണ് സംഭവം. നരേന്ദ്ര മോദിയുടെ സന്ദര്‍ശത്തിനെതിരായ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലിന് ഇടയില്‍ പത്ത് പ്രക്ഷോഭകര്‍ മരിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി തിരികെ പോന്നതിന് പിന്നാലെ പ്രക്ഷോഭകരുടെ മരണത്തിലുള്ള പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്കയിലെത്തിയത്. 1.2 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച ശേഷമാണ് നരേന്ദ്ര മോദി മടങ്ങിയത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വെള്ളിയാഴ്ച ധാക്കയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. നിരവധിയാളുകള്‍ക്ക് ഇതില്‍ പരിക്കേറ്റിരുന്നു. ശനിയാഴ്ച ധാക്കയിലെ ചിറ്റഗോംഗ് തെരുവില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ട്രെയിന്‍ അക്രമിച്ച പ്രക്ഷോഭകാരികള്‍ എന്‍ജിന്‍ റൂം, ട്രെയിനിലെ കോച്ചുകള്‍ എന്നിവ നശിപ്പിച്ചു. നിരവധി സര്‍ക്കാര്‍ ഓഫീസുകളും അക്രമകാരികള്‍ അഗ്‌നിക്കിരയാക്കി.
പ്രസ് ക്ലബ്ബിന് നേരെയും അക്രമമുണ്ടായി. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളും അക്രമത്തിനിരയായി. രാജ്ഷാഹി ജില്ലയില്‍ രണ്ട് ബസ്സുകളും അക്രമികള്‍ തീ വച്ച് നശിപ്പിച്ചു. പ്രകടനം തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലേറുണ്ടായി. മണല്‍ച്ചാക്കും തടിയും ഉപയോഗിത്ത് റോഡുകള്‍ തടഞ്ഞു. നാരായണ്‍ഗഞ്ചിലുണ്ടായ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു.
പ്രധാനമന്ത്രി മോദിക്കെതിരായ പ്രതിഷേധം പ്രക്ഷോഭകരുടെ മരണത്തില്‍ കലാശിച്ചതോടെ ഞായറാഴ്ച രാജ്യ വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് പൊലീസ് വെടിവയ്പുണ്ടായതെന്നാണ് ഹെഫാസത്ത് ഇ ഇസ്ലാം സംഘടന ഓര്‍ഗനൈസിംഗ് സെക്രട്ടറി അസീസുള്‍ ഹഖ് പറഞ്ഞത്. തങ്ങളുടെ സഹോദരങ്ങളുടെ രക്തം പാഴായിപ്പോകാന്‍ അനുവദിക്കില്ലെന്നും അസീസുള്‍ ഹഖ് വിശദമാക്കി.