തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗാളിൽ വ്യാപക അക്രമം

കൊൽക്കത്ത : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗാളിൽ വ്യാപക ആക്രമണത്തിനിടെ വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്ക് കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഘർഷമുണ്ടായ ഇടങ്ങൾ രണ്ടാം ദിവസവും ഗവർണർ സി.വി.ആനന്ദബോസ് സന്ദർശിക്കുകയാണ്.

സാഹേബ് ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് –ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ബ്ലോക്ക് വികസന ഓഫിസറുടെ കാര്യാലയത്തിനു പുറത്തായിരുന്നു ഏറ്റുമുട്ടൽ. കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയായിരുന്നു സംഘർഷം.

പെട്രോള്‍ ബോംബേറും കല്ലേറും തമ്മിലടിയുമായി സൗത്ത് 24 പർഗാനയിൽ ഒതുങ്ങിനിന്ന സംഘർഷം കുച്ച് ബിഹാറിലേക്കും സുജാപുരിലേക്കും വ്യാപിച്ചു. അടുത്ത മാസം എട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, ബംഗാളിൽ അക്രമം തുടരുന്നത്. സുരക്ഷയ്‌ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Top