ഭര്‍ത്താവിനെ കൊല്ലാന്‍ നാളുകളായി ഭക്ഷണത്തില്‍ മാരകമരുന്ന് കലര്‍ത്തി നല്‍കിയ ഭാര്യ അറസ്റ്റില്‍

കോട്ടയം: ഭര്‍ത്താവിനെ കൊല്ലാന്‍ ആഹാരത്തില്‍ രഹസ്യമായി മരുന്ന് കലര്‍ത്തി നല്‍കിയിരുന്ന ഭാര്യ പിടിയില്‍. പാലാ മീനച്ചില്‍ സതീമന്ദിരം വീട്ടില്‍ താമസിക്കുന്ന തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിനിയായ ആശാ സുരേഷ് ആണ് അറസ്റ്റിലായത്.

യുവതിയുടെ ഭര്‍ത്താവ് ചിറയിന്‍കീഴ് സ്വദേശിയും ഇപ്പോള്‍ പാലായില്‍ താമസക്കാരനുമായ സുരേഷിനെയാണ് യുവതി ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി രഹസ്യമായി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. യുവാവിന്റെ സംശയമാണ് ഏഴ് വര്‍ഷത്തോളമായി തുടര്‍ന്ന യുവതിയുടെ ചതി പുറത്തുകൊണ്ടുവന്നത്.

ഒരു ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ നടത്തിയിരുന്ന സുരേഷ് 2012ല്‍ പാലായില്‍ സ്വന്തമായി വീട് വാങ്ങി അവിടേക്ക് മാറി. കുറച്ചുനാളുകള്‍ക്കകം ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ഭാര്യ പിണങ്ങിയിരിക്കുന്ന പതിവ് തുടങ്ങി. ഇതിനിടെ എപ്പോഴും ക്ഷീണം തോന്നുന്നത് പതിവായ സുരേഷ് ഡോക്ടറെ കണ്ട് ഷുഗര്‍ താഴ്ന്നതാണെന്ന് കരുതി നാളുകളോളം മരുന്ന് കഴിച്ചിരുന്നു. എന്നാല്‍ സ്ഥിതി മാറിയില്ല. ഇതിനിടെ 2021 സെപ്തംബറില്‍ 20 ദിവസത്തോളം സുരേഷ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയും പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. അപ്പോള്‍ ആരോഗ്യപ്രശ്‌നമൊന്നും ഉണ്ടാകാതെ വന്നതോടെ സുരേഷിന് ഭാര്യയുടെ പ്രവൃത്തിയില്‍ സംശയം തോന്നി.

ഭാര്യയുടെ കൂട്ടുകാരിയോട് ഇക്കാര്യത്തില്‍ എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് സുരേഷ് ചോദിച്ചു. 2015 മുതല്‍ മാനസിക രോഗത്തിനുളള മരുന്ന് ഭര്‍ത്താവിന് ആഹാരത്തില്‍ കലര്‍ത്തി നല്‍കിയിരുന്നതായും മരുന്നിന്റെ ചിത്രവും ആശ കൂട്ടുകാരിക്ക് അയച്ചുകൊടുത്തു. ഈ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം സുരേഷ് നല്‍കിയ പരാതിയില്‍ വീട് റെയ്ഡ് നടത്തി ആശയെ പൊലീസ് അറസ്റ്റ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

Top