ഇരിങ്ങാലക്കുട: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. ഇരിങ്ങാലകുട കരൂപ്പടന്ന മേപ്പുറത്ത് അലി മരിച്ച സംഭവത്തില്‍ ഭാര്യ സുഹ്‌റയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളി പുലര്‍ച്ചെയാണ് പാലിയേറ്റീവ് കെയര്‍ ഭാരവാഹി കൂടിയായ അലിയെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹ്‌റ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയില്‍ തലയിടിച്ചു വീണതാണെന്നാണ് മരണകാരണമായി സുഹ്‌റ പറഞ്ഞത്. അറുപത്തിയഞ്ചു വയസുകാരനായിരുന്നു അലി.
എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തില്ല. സുഹ്‌റ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുഹ്‌റ കുറ്റം സമ്മതിക്കുകയായിരുന്നു.
അലി കൊല്ലപ്പെട്ട ദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും, സുഹ്‌റയെ അടിക്കാനായി അടുക്കളയില്‍ നിന്ന് എടുത്ത മരത്തടി പിടിച്ചു വാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് സുഹ്‌റ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.