ഭാര്യയെ അടിച്ചുകൊന്ന് മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചു; യുവാവിന് വധശിക്ഷ

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ യുവാവിന് വധശിക്ഷ. കുവൈത്തി പൗരന്‍ പ്രതിയായ കേസില്‍ നേരത്തെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കീഴ്‌കോടതിയുടെ ശിക്ഷാ വിധി ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും കേസില്‍ വിധിപറഞ്ഞത്.

മകളെ കുറച്ച് ദിവസമായി കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മയാണ് ഫിര്‍ദൗസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മകളുടെ ഭര്‍ത്താവ് തന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും ആരോടും പ്രതികരിക്കുന്നില്ലെന്നും അമ്മ പൊലീസിനെ അറിയിച്ചു. മകളും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു.

പരാതി ലഭിച്ചയുടന്‍ തന്നെ കാണാതായ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒപ്പം ഭര്‍ത്താവിനായുള്ള അന്വേഷണവും ഊര്‍ജിതമാക്കി. ഭര്‍ത്താവിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് ഇയാള്‍ ചില സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണെന്നും ഭാര്യയെ കാണാതായതു മുതല്‍ ഒളിവിലാണെന്നും പൊലീസ് കണ്ടെത്തിയത്. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊന്ന വിവരം സമ്മതിച്ചത്.

അര്‍ദിയ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വെച്ച് ഭാര്യയെ കണ്ടെന്നും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. സാല്‍മിയിലെ ഒരു മരുഭൂമിയിലേക്കാണ് ഭാര്യയെ കൊണ്ട് പോയത്. അവിടെ വെച്ച് ഇരുമ്പ് വടികൊണ്ട് പല തവണ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

മൃതദേഹം സ്ലീപ്പിങ് ബാഗില്‍ ഒളിപ്പിച്ച ശേഷം, മൃഗങ്ങളുടെ ശവങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചു. വിറക് കൊണ്ട് മൃതദേഹം ഒളിപ്പിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. പ്രതിയുടെ കുറ്റസമ്മതം രേഖപ്പെടുത്തിയ ശേഷം പൊലീസ് ഈ സ്ഥലത്ത് പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും അറ്റോര്‍ണി ജനറലിന്റെ പ്രതിനിധി അടക്കമുള്ളവരുടെയും സാന്നിദ്ധ്യത്തിലാണ് മൃതദേഹം കണ്ടെടുത്തത്.

 

Top