ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നാം വിവാഹത്തിനൊരുങ്ങിയ പുരോഹിതന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ വെട്ടിമാറ്റി. ആക്രണത്തില്‍ മാരകമായി പരിക്കേറ്റ പുരോഹിതന്‍ രക്തം വാര്‍ന്ന് മരിച്ചു. സംഭവത്തില്‍ രണ്ടാം ഭാര്യയ്‌ക്കെതിരേ പൊലീസ് കേസെടുത്തു.
മുസാഫര്‍ നഗറിലെ ശിഖര്‍പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പുരോഹിതനായ മൗലവി വഖില്‍ അഹമ്മദാണ്(57) രണ്ടാം ഭാര്യയായ ഹസ്രയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് ഭാര്യമാര്‍ നിലനില്‍ക്കെ വഖില്‍ മൂന്നാം വിവാഹത്തിനൊരുങ്ങിയതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാത് വിവാഹം കഴിക്കാനുള്ള വഖിലിന്റെ തീരുമാനത്തെ ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു. മൂന്നാമത് വിവാഹം കഴിക്കരുതെന്ന് ഹസ്ര നിരന്തരം ഭര്‍ത്താവിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഇയാള്‍ ചെവികൊണ്ടില്ല. തുടര്‍ന്നാണ് വ്യാഴാഴ്ച വൈകിട്ട് വഖിലിനെ ഹസ്ര ആക്രമിച്ചത്. അടുക്കളയില്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചു മാറ്റുകയായിരുന്നു. രക്തം വാര്‍ന്ന് ഇയാള്‍ മരിക്കുകയും ചെയ്തു.
ഭര്‍ത്താവ് മരിച്ചതോടെ ബന്ധുക്കളുടെ സഹായത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനും ഹസ്ര ശ്രമിച്ചു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ചില അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഹസ്രയെ ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റസമ്മതം നടത്തി. ഹസ്രയ്‌ക്കെതിരേ കേസെടുത്തതായും വഖിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും ഭോരക്ല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിതേന്ദ്ര സിങ് പറഞ്ഞു.