ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി കത്തിച്ചു; ഭര്‍ത്താവ് ഒളിവില്‍

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി കത്തിച്ചു. ദിവസങ്ങള്‍ക്കു മുന്‍പു സ്യൂട്ട് കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27) പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തേ തുടര്‍ന്ന് ഒളിവില്‍പോയ ഇവരുടെ ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

തിരുപ്പതിയിലെ അലിപിരി പോലീസ്, ശ്രീ വെങ്കട രമണ റുയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടില്‍നിന്ന് ജൂണ്‍ 23 ന് സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ ജില്ലയിലെ രാമസമുദ്രം ഗ്രാമത്തില്‍ നിന്നുള്ള എം ഭുവനേശ്വരിയുടെ മൃതദേഹമാണിതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി.

കോവിഡിനേ തുടര്‍ന്ന് ഭുവനേശ്വരിയും ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയും 18 മാസം പ്രായമുള്ള മകളും കഴിഞ്ഞ മൂന്ന് മാസമായി തിരുപ്പതിയിലാണ് താമസിച്ചിരുന്നത്. ഭുവനേശ്വരി കോവിഡ് ബാധിച്ചു മരിച്ചെന്നാണു ശ്രീകാന്ത് ബന്ധുക്കളോടു പറഞ്ഞിരുന്നത്.

എന്‍ജിനീയറിങ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പു ജോലി നഷ്ടമായി. മൃതദേഹം 90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും ദിവസങ്ങള്‍ക്കു മുന്‍പു ശ്രീകാന്ത് ഷോപ്പിങ് മാളില്‍നിന്നു വലിയ സ്യൂട്ട് കേസ് വാങ്ങിയതു ശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാള്‍ ശരീരം കത്തിച്ചെന്നും തിരുപ്പതി അര്‍ബന്‍ പൊലീസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകാന്ത് സ്യൂട്ട്‌കേസുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുന്നതായും കുറച്ച് സമയത്തിന് ശേഷം മകള്‍ക്കൊപ്പം ഇതുമായി പുറത്തുപോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കൊവിഡിനേ തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടതിനേ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത്തരം ഒരു തകര്‍ക്കത്തേ തുടര്‍ന്ന് പ്രകോപിതനായ ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

Top