കൊൽക്കത്ത : ബംഗാളിൽ ഭർത്താവ് അഞ്ച് വർഷമായി പുട്ടിയിട്ടിരുന്ന ഭാര്യയെയും മകളെയും രക്ഷപെടുത്തി പൊലീസ്.
മഞ്ജു (36 ) മകൾ ടോട്ട (11 ) എന്നിവരെയാണ് ഭർത്താവിന്റെ തടങ്കലിൽ നിന്ന് രക്ഷപ്പെടുത്തിയത്.
കൊൽക്കത്തയിൽ നിന്ന് 210 കിലോമീറ്റർ അകലെ മുർഷിദാബാദ് ജില്ലയിലെ ജലാങ്കിയിലാണ് അതിക്രൂരമായ സംഭവം നടന്നത്.
ഇരുവരെയും പാർപ്പിച്ചിരുന്ന മുറിക്കുളിൽ സൂര്യപ്രകാശം കടക്കാതിരിക്കാനായി മുറിയിലെ ജനാലകൾ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് അടച്ചിരുന്നു.
നാദിയ ജില്ലയുമായി ചേർന്ന് കിടക്കുന്ന കരിംപൂർ സ്വദേശിയാണ് മഞ്ജു മണ്ഡൽ , മരപ്പണിക്കാരനായ മനോബേന്ദ്ര മണ്ഡലിനെ വിവാഹം ചെയ്ത് ചോപ്രയിലേക്ക് എത്തി താമസിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇരുവരുടെയും മകൾ ടോട്ട പതിനൊന്ന് വയസുകാരിയാണ്.
ഭർത്താവിന്റെ തടങ്കലിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടും മഞ്ജു ഭർത്താവിന്റെ പേരിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല.
എന്നാൽ മഞ്ജുവിന്റെ സഹോദരൻ നിഖിൽ മനോബേന്ദ്രയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും , മാനോവേന്ദ്രയെ കണ്ടെത്താനായില്ലായെന്നും ജലാങ്കി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ദേബാശിഷ് സർകാർ പറഞ്ഞു.
മഞ്ജു ഒരു ബിരുദധാരിയാണെന്നും, അവൾക്ക് മാനസികമായി പ്രശ്നങ്ങൾ ഇല്ലെന്നും, അവൾ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലയെന്നും സഹോദരൻ നിഖിൽ സൂചിപ്പിച്ചു .
മഞ്ജുവും, ടോട്ടോയും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു കിടന്നിരുന്നതെന്നും ഇരുവരെയും തിരികെ വീട്ടിലേയ്ക്ക് അയച്ചുവെന്നും ദേബാശിഷ് സർകാർ വ്യക്തമാക്കി.
മഞ്ജുവിനോടും മകളോടും ഞങ്ങൾക്ക് ഒപ്പം വരാൻ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ നല്ലൊരു ജീവിതം നയിക്കുകയാണെന്ന് പറയുകയും പൊലീസ് സ്റ്റേഷനിൽ വരാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊണ്ടുവരുകയായിരുന്നുവെന്നും ജലാങ്കി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മകൾക്ക് ആറ് വയസ്സാകുന്നത് വരെ ദമ്പതികൾ സന്തുഷ്ടജീവിതമാണ് നയിച്ചിരുന്നതെന്നും, പെട്ടന്ന് അവർ അയൽക്കാരെ കാണുന്നതും, ബന്ധുക്കളെ കാണുന്നതും നിർത്തുകയായിരുന്നുവെന്നും അയൽവാസികൾ വ്യക്തമാക്കി.
ഗ്രാമവാസികൾ പറയുന്നത് അനുസരിച്ച് അവർ ടോട്ടോയെ അവസാനമായി കാണുന്നത് അടുത്തുള്ള ലോക്കൽ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്.
ഓരോ ദിവസവും മനോബേന്ദ്ര വീട് പുറത്ത് നിന്ന് പുട്ടിയതിന് ശേഷം പോകുമായിരുന്നുവെന്നും, രാത്രി വൈകി മാത്രമേ എത്തിയിരുന്നുള്ളുവെന്നും അവർ വ്യക്തമാക്കി.
ഓരോ തവണ മഞ്ജുവിനെ കാണാൻ എത്തുമ്പോഴും അകത്തേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല , പകരം മഞ്ജുവെന്ന പോലെ അകത്തു നിന്ന് ഉച്ചത്തിൽ ഇവിടെ നിന്ന് പോകാനും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞിരുന്നതായി നിഖിൽ പൊലീസിനോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മഞ്ജുവിന്റെ ബന്ധു അവരുടെ അമ്മായിയെ കാണാൻ ജലാങ്കിയിലേക്ക് വന്നു. ഇരുവരും മഞ്ജുവിന്റെ വീട്ടിൽ എത്തിയപ്പോൾ അടച്ചിട്ട മുറിയിൽ നിന്ന് മാനോവേന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിട്ടുണ്ടെന്നും ഞങ്ങളെ പുട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞു.
തുടർന്ന് ഈ വിവരം നിഖിലിനെ അറിയിക്കുകയും പൊലീസിൽ സഹായം തേടുകയുമായിരുന്നു.
ഇരുവർക്കും കൃത്യമായ ചികിത്സ നൽകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട് : രേഷ്മ പി .എം