ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെത്തിയ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പാക്കിസ്ഥാൻ യുവാവ് രംഗത്ത്. താഹിർ അലി എന്ന പാക് യുവാവാണ് ഇന്ത്യക്കാരിയായ നവവധു ഉസ്മയെ കാണാനില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്.
എട്ടു മാസം മുന്പ് മലേഷ്യയിൽ വച്ചു പരിചയപ്പെട്ട് ഇഷ്ടത്തിലായ താഹിറും ഉസ്മയും ഈമാസം തുടക്കത്തിൽ വിവാഹിതരാവുകയായിരുന്നു. മേയ് ഒന്നിന് വാഗാ അതിർത്തിയിലൂടെയാണ് ഉസ്മ പാക്കിസ്ഥാനിലെത്തിയത്. മൂന്നാം തിയതി ഇരുവരും പാക്കിസ്ഥാനിൽ വിവാഹിതരായി.
തുടർന്ന് അടുത്തദിവസം ഭാര്യയുടെ ന്യൂഡൽഹിയിലെ സഹോദരനെ കാണാൻ ഇന്ത്യൻ വീസയ്ക്ക് അപേക്ഷിക്കാനായിരുന്നു ഇരുവരും ഹൈക്കമ്മിഷനിലെത്തിയത്.
ഹൈക്കമ്മിഷനിലെത്തിയ ഇരുവരുടെയും ഫോണുകൾ സുരക്ഷാ ഉദ്യോഗസ്ഥർ വാങ്ങിവച്ചു. വീസ അപേക്ഷ നൽകിയ ശേഷം ഉസ്മയെ മാത്രം ഉള്ളിലേക്ക് വിളിപ്പിച്ചു. പിന്നീട് യുവതി തിരിച്ചുവന്നില്ലെന്നു യുവാവ് പറയുന്നു.
മണിക്കൂറുകൾക്കു ശേഷം ഉദ്യോഗസ്ഥരോട് ഉസ്മയെപ്പറ്റി തിരക്കിയപ്പോൾ അകത്ത് ആരും ഇല്ലെന്നായിരുന്നു മറുപടി. വാങ്ങിവച്ച മൂന്നു ഫോണുകൾ തിരികെത്തരാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ തയാറായില്ല. തുടർന്നു പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതായി താഹിർ പറയുന്നു.
ഇന്ത്യക്കാരിയായ നവവധുവിനെ ഹൈക്കമ്മിഷനിൽനിന്ന് കാണാതായെന്ന് പാക്ക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ സ്ഥിരീകരിച്ചു. വിഷയം നയതന്ത്രതലത്തിൽ ഉന്നയിക്കാനാണ് പാക്കിസ്ഥാൻ ആലോചിക്കുന്നത്.