കാട്ടാന ആക്രമണം ; പരിക്കേറ്റ മാവോയിസ്റ്റ് നേതാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

കണ്ണൂര്‍ : കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചിക്കമഗലൂരു സ്വദേശി സുരേഷിനെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. അന്വേഷണം എടിഎസ് ഏറ്റെടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് ആറു മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തിയത്. കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസം മുന്‍പാണ് സുരേഷിന് പരിക്കേറ്റതെന്നും ചികിത്സ ലഭ്യമാക്കണമെന്നും വശ്യപ്പെട്ടു. സുരേഷിനെ ഈ വീട്ടില്‍ കിടത്തിയ ശേഷം മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മടങ്ങി.

തുടര്‍ന്ന് ഇയാളെ പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തി ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Top