കാട്ടാന ആക്രമണത്തില്‍ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തില്‍ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. അമ്പൂരി പേരങ്കല്‍ സെറ്റില്‍മെന്റിലെ ഷിജു ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയോടെ വനത്തില്‍ മരുന്നും വിറകും ശേഖരിക്കാന്‍ ഷിജുവും മൂന്ന് സുഹൃത്തുക്കളും പോയത്. അതിനിടെ ഇവര്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ആനയുടെ തുമ്പിക്കൈയില്‍ അകപ്പെട്ട ഷിജുവിനെ ആന ചുഴറ്റിയെറിഞ്ഞു. മറ്റുള്ളവര്‍ അപ്പോഴെക്കും ഓടി രക്ഷപ്പെട്ടിരുന്നു. ഇതറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്. സംഘാംഗങ്ങള്‍ ഷിജുവിനെ ആനയുടെ മുന്നില്‍ നിന്ന് എടുത്ത് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. അമ്പൂരി പേരങ്കല്‍ സെറ്റില്‍മെന്റ് കോളനിയിലെഗോപു-ബിന്ദു ദമ്പതികളുടെ ഇളയ മകനാണ് മരിച്ച ഷിജു.

കൊമ്പയില്‍ നിന്ന് നടന്നാണ് ഇവര്‍ നെയ്യാര്‍ ജലസംഭരണിക്ക് സമീപമെത്തിയത്. വനം വകുപ്പിന്റെ ബോട്ടില്‍ ഇവരെ ഇക്കരെയെത്തിച്ച ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒപ്പം പോയവരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വനപ്രദേശത്തെ ആദിവാസി കോളനിക്ക് സമീപം അനശല്യം രൂക്ഷമാണെന്ന് ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

Top