സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി വില്‍സണ്‍ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയില്‍ കര്‍ഷകനായ ഇയാള്‍ പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. സ്‌ഫോടകസ്‌കവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കാട്ടാനയുടെ ജീവനെടുത്തത് കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അതേസമയം, കൈതച്ചക്കയില്‍ സ്‌ഫോടകവസ്തു നിറച്ചുനല്‍കി ബോധപൂര്‍വ്വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മേയ് 23ന് വെള്ളിയാര്‍ പുഴയില്‍ എത്തുന്നതിന് മുന്‍പേ കാട്ടാനയ്ക്കു പരുക്കേറ്റിരുന്നു. നേരിയ സ്‌ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മറ്റേതെങ്കിലും സ്ഥലത്തുവച്ച് പരുക്കേറ്റശേഷം കാട്ടാന പുഴയിലേക്ക് എത്തിയതാകാമെന്നാണു നിഗമനം. പന്നിശല്യം ഒഴിവാക്കാന്‍ കൈതച്ചക്കയില്‍ പടക്കം വച്ച് കെണിയൊരുക്കുന്നവരുണ്ട്. സൈലന്റ്‌വാലിയോട് അതിരിടുന്ന നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുളള ഏകദേശം 50 കിലോമീറ്റര്‍ പ്രദേശത്തെ സ്വകാര്യതോട്ടങ്ങള്‍,വാഴ, കൈതച്ചക്ക എന്നിവയുടെ കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.ആന ഒരു മാസം ഗര്‍ഭിണിയായിരുന്നതായി ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.

കാട്ടാന ചരിഞ്ഞത് സംബന്ധിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്റെ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളിലും വിഷയം വാര്‍ത്തയാവുകയായിരുന്നു.

Top