കാലിഫോര്‍ണിയ: ശക്തമായ കാട്ടുതീ ഭീഷണിയില്‍ കാലിഫോര്‍ണിയ. ഒരാള്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ആറ് പ്രധാന സ്ഥലങ്ങള്‍ അഗ്‌നിക്കിരയായി. ഇതിനു പുറമെ സാന്റാ ബാര്‍ബര, സാന്റിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏകദേശം മുപ്പതിനായിരം ഏക്കറിലധികം സ്ഥലത്ത് ഇതിനകം തീ പടര്‍ന്നതായാണ് കണക്ക്.
സംഭവത്തെ തുടര്‍ന്ന് പതിനായിര കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡില്‍ കാറ്റ് വീശുന്നത് കാരണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് കാട്ടു തീ വ്യപിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലസിന്റെ തെക്കന്‍ നഗരമായ മുറിറ്റയിലേക്ക് തീ പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2200 ഏക്കര്‍ സ്ഥലവും നൂറുകണക്കിന് വീടുകളും അഗ്‌നിബാധ ഭീഷണിയിലാണ്.
തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 4000 അഗ്‌നി സുരക്ഷാ ഉദ്യോഗസ്ഥരാണ് അഗ്നിക്കിരയായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കൂടാതെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. 38,850 ഏക്കര്‍ സ്ഥലത്തേക്ക് തീ പടര്‍ന്നതായും 50000 ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായും അഗ്‌നി സുരക്ഷാ സേന റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാറ്റ് ശക്തമായി തുടരുന്നതിനാല്‍ തീ നീയന്ത്രിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു.
കാലിഫോര്‍ണിയയുടെ വടക്കന്‍ നഗരമായ വെഞ്ച്യുറ കൗണ്ടിയിലാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കൂടാതെ തീരദേശ നഗരങ്ങളിലും കാട്ടുതീ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
തീ പിടിത്തത്തെ തുടര്‍ന്ന് ഈ മേഖലയിലെ ദേശീയപാതകള്‍ അടച്ചിടുകയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തു.
പ്രശസ്ത മാധ്യമ വ്യവസായിയായ റൂബര്‍ട്ട് മര്‍ഡോക്കിന്റെ എസ്‌റ്റേറ്റ് ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ വീടുകളും തീപിടിത്തത്തില്‍ നശിച്ചതായാണ് വിവരം.