സാന്‍റിയാഗോ: ചിലിയില്‍ ഭീതി വിതച്ച് കാട്ടുതീ പടരുന്നു. തീപിടുത്തത്തില്‍ ഇതുവരെ കുറഞ്ഞത് 24 പേരെങ്കിലും മരണപ്പെട്ടു എന്നാണ് ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ആയിരത്തോളം പേര്‍ക്ക് കാട്ടുതീയില്‍ പരിക്കേറ്റിട്ടുണ്ട്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ കാട്ടുതീ അണയ്‌ക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് അഗ്‌നിശമനാ സേനാംഗങ്ങള്‍. കൂടുതല്‍ രാജ്യാന്തര സഹായം ചിലി ആവശ്യപ്പെട്ടിട്ടുണ്ട്.
വനപ്രദേശങ്ങളിലും കൃഷിയിടങ്ങളിലുമായാണ് കാട്ടുതീ പടരുന്നത്. ചിലിയിലെ കാട്ടുതീ എത്രയും വേഗം അണയ്ക്കാന്‍ രാജ്യാന്തര സഹായം ലഭ്യമായതിന്റെ പ്രതീക്ഷയിലാണ് രാജ്യമുള്ളത്. തീ അണയ്ക്കാനുള്ള വിമാനങ്ങളും അഗ്നിശമനാ വിദഗ്ധരും കൂടുതലായി രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അടിയന്താരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ എത്രയും വേഗം അണയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും എല്ലാ സഹായവും ജനങ്ങള്‍ക്ക് എത്തിക്കുമെന്നും പ്രസിഡന്‍റ് ഉറപ്പുനല്‍കിയിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ അതിജീവിക്കും എന്നാണ് അദേഹത്തിന്റെ വാക്കുകള്‍.