ചെന്നൈ: തമിഴ് സിനിമയില്‍ വീണ്ടും സജീവമാകുമെന്ന് നടന്‍ വടിവേലു. ചെന്നൈയില്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. അണ്ണാഡിഎംകെയുമായുള്ള ഭിന്നതയെ തുടര്‍ന്ന് സിനിമാ രംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വടിവേലു. തമിഴ്‌നാട് വിഭജിക്കുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവും താരം ഉന്നയിച്ചു.
പത്ത് വര്‍ഷം മുന്‍പ് ഡിഎംകെ വേദികളിലെ താരപ്രചാരകനായിരുന്ന തമിഴ് നാടന്‍ വടിവേലു. അണ്ണാഡിഎംകെയ്ക്ക് ഒപ്പം സഖ്യത്തിലായിരുന്നു വിജയകാന്ത് അടക്കമുള്ളവരെയാണ് വടിവേലു അന്ന് പ്രധാനമായും ലക്ഷ്യം വച്ചത്. വടിവേലുവിനെ രംഗത്തിറക്കിയുള്ള ഡിഎംകെ പ്രചാരണം ജയലളിതയ്ക്കും അണ്ണാഡിഎംകെ സഖ്യത്തിനുമെതിരായ പ്രചാരണമായി മാറി.
ജയലളിത മുഖ്യമന്ത്രിയായതിന് പിന്നാലെ തമിഴിലെ സൂപ്പര്‍ഹാസ്യ താരത്തിന്റെ അവസരങ്ങള്‍ കുറഞ്ഞു. അപ്രഖ്യാത വിലക്കെന്ന് തമിഴ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ചെന്നൈയിലെ ഓഫീസ് ഒഴിഞ്ഞ് മധുരയിലെ വീട്ടിലേക്ക് തിരികെപോയി. ഇന്ന് വീണ്ടും ചെന്നൈയിലേക്ക് വടിവേലു മടങ്ങിയെത്തി. മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം കൈമാറി.
പിന്നീട് മാധ്യമങ്ങളെ കണ്ട വടിവേലു ഇത് തന്റെ രണ്ടാം വരവെന്ന് വിശേഷിപ്പിച്ചു. തമിഴ്‌നാട് വിഭജന നീക്കത്തോട് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച വടിവേലു രാഷ്ട്രീയ സൂചനകള്‍ കൂടി വ്യക്തമാക്കി. തമിഴ്‌നാട് ഇപ്പോള്‍ നല്ല രീതിയിലാണ് എന്നാണ് വടിവേലു പറയുന്നത്. വീണ്ടും സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ ശ്രമം.