വെള്ളാപ്പള്ളി കുടുംബത്തിന് ഇത് കഷ്ടകാലമാണ്. മകനും പിതാവും ഒരുമിച്ചാണ് അറസ്റ്റ് ഭീഷണിയിൽ കഴിയുന്നത്. തുഷാർ വെള്ളാപ്പള്ളിയെ പിടിക്കാൻ തെലങ്കാന പൊലീസാണ് പരക്കം പായുന്നതെങ്കിൽ കെ.കെ മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട് കേരള പൊലീസിനെ പേടിച്ചാണ് സാക്ഷാൽ വെള്ളാപ്പള്ളി നടേശനും കഴിയുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ‘സൂപ്പർ പവർ’ ആയിരുന്ന ഒരു കുടുംബത്തിന്റെ നിലവിലെ അവസ്ഥയാണിത്. സാമുദായിക അടിസ്ഥാനത്തിൽ തനിക്ക് ഇഷ്ടമുള്ളവരെ എംഎൽഎ ആക്കാനും മന്ത്രിമാരാക്കാനും ഒക്കെ ഇടപെട്ടിരുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശൻ.
എസ്.എൻ.ഡി.പി.യോഗം എന്ന സാമുദായിക സംഘടനയെ മുൻ നിർത്തി യു.ഡി.എഫ് ഭരണകാലത്താണ് വഴിവിട്ട ഇടപെടൽ വെള്ളാപ്പള്ളി നടത്തിയിരുന്നത്. അടൂർ പ്രകാശിന് എം.എൽ.എ ആകാനും റവന്യൂ മന്ത്രിയാകാനും സാധിച്ചതിനു പിന്നിലും ഈ സമ്മർദ്ദ തന്ത്രം ഉണ്ടായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നത്. അതു പോലെ തന്നെ യു.ഡി.എഫ് സർക്കാരുകളെ വിറപ്പിച്ച മറ്റൊരു നേതാവ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി പദവി ലഭിച്ചത് തന്നെ സുകുമാര നായരുടെ ശക്തമായ മുന്നറിയിപ്പിന്റെ പരിണിത ഫലമായിരുന്നു.
ഉമ്മൻ ചാണ്ടി ഭരണത്തിലെ ‘താക്കോൽ സ്ഥാനത്തിനു വേണ്ടി ഇങ്ങനെയൊക്കെ സമ്മർദ്ദം പയറ്റി വിറപ്പിച്ച ഈ രണ്ട് സാമുദായിക നേതാക്കളും ഇടതുപക്ഷ ഭരണത്തിൽ ‘വെള്ളത്തിൽ വീണ പൂച്ചയുടെ’ അവസ്ഥയിലാണ് ഉള്ളത്. സാമുദായിക സംഘടനകളെ വച്ച് വിലപേശുന്ന ഇവരുടെ തന്ത്രമൊന്നും പിണറായി സർക്കാറിനോട് ഇവർ സ്വീകരിച്ചിട്ടില്ല. അതിനുള്ള ധൈര്യം വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും ഇല്ലന്നതാണ് യാഥാർത്ഥ്യം. ഇങ്ങനെ ഒതുങ്ങി കൂടിയ വെള്ളാപ്പള്ളിയാണ് ഇപ്പോൾ ശരിക്കും വെട്ടിലായിരിക്കുന്നത്.
എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് മാരാരിക്കുളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി നിയമ സഹായത്തിനു വേണ്ടി ശ്രമിക്കുന്ന ഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശനും ഇപ്പോൾ കുരുക്ക് വീണിരിക്കുന്നത്.
മാരാരിക്കുളം കേസിലും തുഷാർ വെള്ളാപ്പള്ളി പ്രതിയാണ്. ഗൂഢാലോചന ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മൈക്രോഫിനാൻസ് കേസിൽ മഹേശനെ പ്രതിയാക്കിയതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികൾ മഹേശനെ മാനസിക സമ്മർദത്തിലാക്കിയെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളാപള്ളി മാർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാന്‍ ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് മഹേശന്റെ ഭാര്യ ഉഷാദേവി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തുടർ നടപടികൾ ഉണ്ടായിരിക്കുന്നത്.
മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ ഈ മൂന്നുപേരെക്കുറിച്ചും വ്യക്തമായി തന്നെ പരാമർശിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിരുന്നത്. നേരത്തെ ഈ ആവശ്യവുമായി ഉഷാദേവി ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഹൈക്കോടതിയാണ് ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകിയിരുന്നത്. തുടർന്നാണ് ആലപ്പുഴ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ഈ കേസിൽ ആവശ്യമെങ്കിൽ മാരാരിക്കുളം പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കും. അത്തരമൊരു ഘട്ടത്തിലേക്ക് അന്വേഷണ സംഘം പോയാൽ അത് വെള്ളാപ്പള്ളിമാർക്ക് വലിയ തിരിച്ചടിയായാണ് മാറുക. ആലപ്പുഴ എസ്.പി ചൈത്ര തെരേസാ ജോൺ ആണ് എന്നതിനാൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. മുഖം നോക്കാതെ കർക്കശ നടപടി സ്വീകരിക്കുന്ന ഐ.പി.എസ് ഓഫീസറാണ് ചൈത്ര തെരേസാ ജോൺ. വെള്ളാപ്പള്ളിമാരുടെ ചങ്കിടിപ്പിക്കുന്നതും… ഈ യാഥാർത്ഥ്യമാണ്…
EXPRESS KERALA VIEW