തിരുവനന്തപുരം: ക്രിമിനല്‍ പോലീസിനെ പുണരുകയും സത്യസന്ധരായ ഐപിഎസ് ഓഫീസര്‍മാരെ പന്തുതട്ടിക്കളിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുകളില്‍ ‘ഡെമോക്ലസിന്റെ വാള്‍’
സത്യസന്ധമായി ജില്ലാ ഭരണം നടത്തിയിട്ടും മാസങ്ങള്‍ക്കുള്ളില്‍ വിവിധ ജില്ലകളില്‍ നിന്ന് തെറുപ്പിക്കപ്പെട്ട യുവ ഐപിഎസ് പടയും ഡിജിപി ജേക്കബ് തോമസ്, എഡിജിപി ഋഷിരാജ് സിങ്ങ് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ഭരണം മാറിയാല്‍ തിരിച്ചടിക്കുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍.
ഭരണം മാറുന്നതിനു മുമ്പുതന്നെ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കുന്നതിന് നിയമപരമായ അനുമതി ചോദിച്ച ജേക്കബ് തോമസിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ അപൂര്‍വ്വ സംഭവമാണിത്. നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെപോലുള്ളവര്‍ ഇത്തരം സാഹസത്തിന് മുതിര്‍ന്നത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നപ്പോഴാണ്.
വിന്‍സന്‍ പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാന പോലീസില്‍ സീനിയോരിറ്റിയില്‍ രണ്ടാമനായ ജേക്കബ് തോമസാണിപ്പോള്‍ സിനിമയെ വെല്ലുന്ന സസ്‌പെന്‍സ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാന പോലീസ് സേനയെയും ജേക്കബ് തോമസിന്റെ അപ്രതീക്ഷിതമായ നടപടി ഞെട്ടിച്ചിട്ടുണ്ട്. എങ്ങനെ പീഡിപ്പിച്ചാലും പന്ത് തട്ടുന്നതുപോലെ തെറുപ്പിച്ചാലും മുട്ടുമടക്കി ഓച്ചാനിച്ച് നില്‍ക്കില്ലെന്നതിന്റെ ‘പ്രതിരൂപ’ത്തെയാണ് ജേക്കബ് തോമസില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ദര്‍ശിക്കുന്നത്.
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള പൊതുസമൂഹത്തിന്റെ പിന്തുണയാണ് ജേക്കബ് തോമസിനെ കരുത്തനാക്കുന്നതെന്നാണ് സര്‍ക്കാരിന്റെയും വിലയിരുത്തല്‍.
ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ച തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് ഡിജിപി ടി.പി സെന്‍കുമാറിന് ജേക്കബ് തോമസ് കത്ത് നല്‍കിയത്. ഈ കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍.
സര്‍ക്കാര്‍ അനുമതി നല്‍കിയാലും ഇല്ലെങ്കിലും പത്ത് ദിവസത്തിന് ശേഷം ജേക്കബ് തോമസിന് നിയമപ്രകാരം തന്നെ കോടതിയെ സമീപിക്കാന്‍ കഴിയും.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫയര്‍ സേഫ്റ്റി നിയമം കര്‍ശനമായി നടപ്പാക്കിയതിനാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നത്. തനിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ന്യായീകരണം നടത്തിയിരുന്നെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നല്‍കിയ വിവരാവകാശ രേഖയില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
നേരത്തെ ബാര്‍ കോഴ കേസില്‍ മന്ത്രി മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതും പാറ്റൂര്‍ ഭൂമി തട്ടിപ്പു കേസില്‍ പിടിമുറുക്കിയതും വിജിലന്‍സില്‍ നിന്നും അദ്ദേഹത്തെ തെറുപ്പിക്കുന്നതിനിടയാക്കിയിരുന്നു.
നിലവില്‍ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയായാണ് 5 വര്‍ഷത്തോളം സര്‍വ്വീസ് അവശേഷിക്കുന്ന ഈ മുതിര്‍ന്ന ഐപിഎസുകാരനെ ഒതുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ പിന്‍വലിക്കണമെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി, തന്നെ ജനവിരുദ്ധനായും വികസന വിരുദ്ധനായും ചിത്രീകരിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവിലായും ക്രിമിനലായും മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാനാണ് തീരുമാനം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഋഷിരാജ്‌സിംഗ് ഉള്‍പ്പെടെ നിരവധി സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് തന്ത്രപ്രധാനമായ ചുമതലകളില്‍ നിന്നും തെറുപ്പിച്ചത്.
വൈദ്യുതി കൊള്ള കയ്യോടെ പിടിച്ച ഋഷിരാജ് സിങ്ങിനെ ബറ്റാലിയനിലേക്ക് മാറ്റിയതിലുള്ള പ്രതിഷേധം ആഭ്യന്തര മന്ത്രിയെ സല്യൂട്ടടിക്കാതെ സിങ്ങ് പ്രകടിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
പിന്നീട് സര്‍ക്കാര്‍ തന്നെ സംഭവം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഋഷിരാജ് സിങ്ങിനോട് കാണിച്ച ഈ ‘ആനുകൂല്യം’ പോലും ജേക്കബ് തോമസിനോടു കാണിക്കാതെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഇതേ തുടര്‍ന്ന് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി വിശദീകരണ നോട്ടീസ് നല്‍കുകയായിരുന്നു.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി തീരുമാനം നല്ല തീരുമാനമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് സര്‍ക്കാര്‍ അച്ചടക്കത്തിന്റെ വാളെടുത്തത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭം പിടിച്ചുവെന്നതിന്റെ പേരില്‍ ക്രിമിനല്‍ വിജിലന്‍സ് കേസില്‍ പ്രതിയായ ഐജി ചാനലുകളില്‍ ‘ലൈവ് ഷോ’ നടത്തിയതിനെ കണ്ണടച്ച് പ്രോത്സാഹിപ്പിച്ചവരാണ് ജേക്കബ് തോമസിനെതിരെ കോടതി തീരുമാനത്തെ അനുകൂലിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പുണരുകയും സത്യസന്ധരെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് നിലവിലുള്ളത്.
ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത യുവ ഐപിഎസുകാരെ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പോലും ലംഘിച്ച് പന്തു തട്ടുന്നതുപോലെ സ്ഥലം മാറ്റിയതിനെതിരെ ഐപിഎസ് അസോസിയേഷന്‍ നേരിട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും മാസങ്ങള്‍ക്കുമുമ്പ് വയനാട് എസ്പിയായിരുന്ന അജിതാ ബീഗത്തെയും പാലക്കാട് എസ്പിയായിരുന്ന മഞ്ജുനാഥിനെയും തെറുപ്പിച്ചിരുന്നു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിന് നേതാക്കള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സുകാരെ വീട്ടില്‍ റെയ്ഡ് നടത്തി പിടികൂടുന്നതിന് നേതൃത്വം കൊടുത്തതാണ് അജിതാ ബീഗത്തിന് വിനയായത്.
സ്ഥലം മാറ്റത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച അജിതാബീഗത്തിന്റെ നടപടി വിവാദമായിരുന്നു.
ഇങ്ങനെ ഒരു ഡസനോളം സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കയ്‌പേറിയ അനുഭവമുണ്ടായിട്ടുണ്ട്. 2 വര്‍ഷം കഴിയാതെ ക്രമസമാധാന ചുമതലയില്‍ നിന്ന് മതിയായ കാരണങ്ങളില്ലാതെ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന നിയമമാണ് മിക്ക ജില്ലകളിലും അട്ടിമറിക്കപ്പെട്ടത്.
പകരം നിയമനം നല്‍കിയ ഉദ്യോഗസ്ഥരാവട്ടെ മിക്കവരും കണ്‍ഫേഡ് ഐപിഎസ് കാരും സര്‍ക്കാരിന് ‘വേണ്ട’പ്പെട്ടവരുമാണ്.
പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണിപ്പോള്‍ സൗത്ത്‌സോണ്‍ എഡിജിപിയെന്നതും ശ്രദ്ധേയമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ അവശേഷിക്കേ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പോലീസ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഓഫീസിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുമെല്ലാം സര്‍ക്കാര്‍ മാറിയാല്‍ വഴിത്തിരിവിലെത്തും.
പിണറായി ആയാലും വിഎസ് ആയാലും ഭരണം ലഭിച്ചാല്‍ ജേക്കബ് തോമസും ഋഷിരാജ് സിങ്ങും ഉള്‍പ്പെടെ സത്യസന്ധരായ ഒരു ഐപിഎസുകാരനെയും കൈവിടില്ലെന്ന സൂചന വിഎസും സിപിഎം നേതൃത്വവും ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. ഇതാണിപ്പോള്‍ ഭരണപക്ഷത്തിന്റെ ചങ്കിടിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ പീഡനത്തില്‍ പ്രതിഷേധിച്ച് സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ച ജേക്കബ് തോമസ് തല്‍ക്കാലം ആ നീക്കത്തില്‍ നിന്ന് പിന്‍തിരിഞ്ഞത് മാറുന്ന രാഷ്ട്രീയ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടുകൂടിയാണെന്നാണ് പറയപ്പെടുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് എഡിജിപി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചത് ചോദ്യം ചെയ്ത വിഎസ് നിലവില്‍ ഡിജിപി തസ്തികയില്‍ ഉള്ളവരെ ഈ സ്ഥാനത്ത് നിയമിക്കുന്നതിലെ പോരായ്മ എന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് പുറമെ ജയില്‍ ഡിജിപി ബഹ്‌റയും ജേക്കബ് തോമസുമാണ് ഡിജിപി പദവി വഹിക്കുന്നവര്‍. വിന്‍സന്‍ എം പോള്‍ ഇന്ന് വിരമിച്ചതോടെ ആ ഒഴിവില്‍ ഇനി ഋഷിരാജ് സിങ്ങാണ് എത്തുന്നത്.
കാര്യങ്ങളെന്തായാലും ഭരണം മാറിയാല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ‘തലവര’ മാറാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്.