എനിക്ക് വോട്ട് ചെയ്യാത്ത ഹിന്ദുക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും; ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര സിങ്

ലഖ്നൗ: വിദ്വേഷ പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര സിങിനെതിരെ വീണ്ടും കേസ്. തനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുന്ന ഹിന്ദുക്കളുടെ ഡി.എന്‍.എ പരിശോധിക്കുമെന്നാണ് ഇത്തവണ എം.എല്‍.എയുടെ ഭീഷണി. ഡൊമ്രിയഗഞ്ച് എം.എല്‍.എയാണ് രാഘവേന്ദ്ര സിങ്. താന്‍ വീണ്ടും എം.എല്‍.എ ആയാല്‍ മുസ്‌ലിംകള്‍ തിലകം ധരിക്കേണ്ടിവരുമെന്ന വിവാദ പ്രസ്താവനയും അടുത്ത കാലത്ത് രാഘവേന്ദ്ര സിങ് നടത്തിയിരുന്നു.

‘ഹിന്ദു മറ്റാര്‍ക്കെങ്കിലുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അവന്റെ സിരകളില്‍ ‘മിയാന്‍’ (മുസ്‌ലിംകള്‍ക്കെതിരായ മോശം പരാമര്‍ശം) രക്തമാണ് ഒഴുകുന്നത്. അവന്‍ രാജ്യദ്രോഹിയും ജയ്ചന്ദിന്റെ അവിഹിത സന്തതിയുമാണ്. നിങ്ങളില്‍ എത്ര ജയ്ചന്ദുമാരുണ്ട്? അവരുടെ പേരുകള്‍ എനിക്ക് തരൂ, അവര്‍ ഹിന്ദുക്കളാണോ മിയന്മാരാണോ എന്നറിയാന്‍ ഞാന്‍ അവരുടെ രക്തം പരിശോധിക്കും. ഞാന്‍ അവരുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തും’- എന്നാണ് രാഘവേന്ദ്ര സിങ് പ്രസംഗിച്ചത്.

രാഘവേന്ദ്ര സിങ് മത്സരിക്കുന്ന ഡൊമ്രിയഗഞ്ചില്‍ ആറാം ഘട്ടമായ മാര്‍ച്ച് 3നാണ് വോട്ടെടുപ്പ്. കഴിഞ്ഞ ആഴ്ചയും രാഘവേന്ദ്ര സിങിന്റെ പേരില്‍ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നു. താന്‍ വീണ്ടും എം.എല്‍.എ ആയാല്‍ തൊപ്പികള്‍ അപ്രത്യക്ഷമായതുപോലെ, മുസ്‌ലിംകള്‍ തിലകം ധരിക്കുമെന്നാണ് രാഘവേന്ദ്ര സിങ് പറഞ്ഞത്. ‘ഇസ്ലാമിക ഭീകരത’യ്ക്കുള്ള മറുപടിയായിട്ടാണ് അങ്ങനെ പറഞ്ഞത് എന്നാണ് എം.എല്‍.എയുടെ ന്യായീകരണം

 

 

 

Top