കേരളം തന്റെ കര്‍മ്മഭൂമിയാണ്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; ശശി തരൂര്‍

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നാണ് എല്ലാവരുടേയും അഭ്യര്‍ത്ഥന. കേരളം തന്റെ കര്‍മ്മഭൂമിയാണ്. കേരളത്തിന്റെ ശബ്ദമുയര്‍ത്താന്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്ക് വേണ്ടി അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. കേരളത്തില്‍ ഉണ്ടാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അവിടെ ഉണ്ടാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

രാജ്യത്ത് എന്ത് സംഭവിച്ചാലും എല്ലാം തങ്ങള്‍ കൊണ്ടുവന്നതാണെന്ന് ബിജെപി പറയും. തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ബിജെപിക്ക് മാത്രമേ അറിയാന്‍ പറ്റൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്നാണ് അഭ്യൂഹമെന്നും ശശി തരൂര്‍ പറഞ്ഞു. എല്ലാവരെയും കൂട്ടി യോജിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനം നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജി 23 പ്രതിനിധികളേയും നേതൃത്വം പ്രവര്‍ത്തക സമിതിയില്‍ പരിഗണിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം. ആ തീരുമാനം നല്ലതാണ്. ഈ സ്പിരിറ്റില്‍ പാര്‍ട്ടിയെ നയിക്കുന്നത് നല്ലതാണ്. പാര്‍ട്ടിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം മാത്രമേ തെറ്റ് ചെയ്യുന്നുള്ളൂ എന്ന വാദം വിശ്വസിക്കാന്‍ പറ്റില്ല. ഭാരതത്തിന്റെ മുഖം മാറ്റാനാണ് ഭരണകൂട ശ്രമം. ജനങ്ങളുടെ മനസ്സിനെ മാറ്റാനാണ് ശ്രമിക്കുന്നത്. ഹിന്ദുത്വ രാജ്യമാക്കാനുള്ള നീക്കം ഭാരതത്തിന്റെ ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒറ്റ കാഴ്ച്ചപ്പാടോടെയാണ് പ്രതിപക്ഷം മുന്നോട്ടു പോകുന്നത്. രാജ്യത്തെ സംരക്ഷിക്കാനാണ് ഒരുമിച്ച് നില്‍ക്കുന്നത്. കേരളത്തില്‍ നിന്നും ആര് ജയിച്ചാലും ഡല്‍ഹിയില്‍ ബിജെപിക്ക് എതിരെ നില്‍ക്കും. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ യാഥാര്‍ഥ്യം പരിഗണിക്കേണ്ടിവരും. തിരഞ്ഞെടുപ്പിന് ശേഷവും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top