ദിലീപിന് നൽകിയ ‘വിചാരണ’ അറസ്റ്റിലായ മാധ്യമ പ്രവർത്തകന് ചാനലുകൾ നൽകുമോ ?

ടന്‍ ദിലീപിനും എം.എല്‍.എ വിന്‍സന്റിനും മാതൃഭൂമി ന്യൂസ് എഡിറ്റര്‍ക്കും നിയമവും വിചാരണയും വ്യത്യസ്തമാണോ ?

ദിലീപിന് നേരെ നടന്ന ‘മാധ്യമ വിചാരണ’ മാതൃഭൂമി ചാനല്‍ ന്യൂസ് എഡിറ്ററായിരുന്ന വ്യക്തിക്കു നേരെ നടത്തുമോ ?

കലി തുള്ളുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്.

ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത് നാടുനീളെ പ്രദര്‍ശിപ്പിച്ചും കൂക്കി വിളിച്ചും അപമാനിക്കാന്‍ വഴിമരുന്നിട്ട ചാനല്‍ വാര്‍ത്തകളോടും ചര്‍ച്ചകളോടുമുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിലൂടെ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.

നടനായാലും എം എല്‍ എ ആയാലും മാധ്യമ പ്രവര്‍ത്തകനായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെ തന്നെ നടപ്പാക്കപ്പെടുന്നത് ‘കേട്ടുകേള്‍വി ‘യില്ലാത്ത കാര്യമായതിനാല്‍ ഇപ്പോഴത്തെ പൊലീസ് നടപടിക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊലീസിനും മാത്രമാണ്.

പിണറായിയുടെ ഗ്രാഫ് ഒറ്റയടിക്ക് ഈ മൂന്ന് സംഭവങ്ങളിലൂടെ വലിയ തോതില്‍ കുതിച്ചുയര്‍ന്നു കഴിഞ്ഞു.

ഇവിടെ പൊലീസ് അറസ്റ്റ് ചെയ്ത ദിലീപ് ഒഴികെയുള്ള മറ്റ് രണ്ട് പേരും ഒരു വിഭാഗത്തിന് കുറ്റാരോപിതരാണ്. എന്നാല്‍ ദിലീപ് ഇവര്‍ക്ക് മുന്നില്‍ കൊടും ക്രിമിനലാണ്.

മറ്റ് രണ്ട് പേര്‍ക്കും നല്‍കുന്ന ഈ പരിഗണന എന്തുകൊണ്ട് ദിലീപിന് നല്‍കുന്നില്ല എന്നതിന് മറുപടി ആരും പറഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയക്ക് കാര്യം ഇപ്പോള്‍ പിടികിട്ടി തുടങ്ങിയിട്ടുണ്ട്.

അക്കാര്യം ഫെയ്‌സ്ബുക്കിലെയും വാട്‌സ്ആപ്പിലെയും പ്രതികരണങ്ങളില്‍ നിന്നും രാഷ്ട്രീയ കേരളത്തിന് പകല്‍ പോലെ വ്യക്തമാണ്.

ദിലീപിന് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ പി.ആര്‍ കമ്പനിയുടെ ‘ക്വട്ടേഷനാ’ണെങ്കില്‍ മറ്റു രണ്ട് പേര്‍ക്ക് വേണ്ടി ആരുടെ ‘ക്വട്ടേഷനാണ്’ നടക്കുന്നതെന്ന ചോദ്യവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

രാത്രി ചര്‍ച്ചകളില്‍ ദിലീപിനെ കീറി മുറിച്ചവര്‍ ഇപ്പോള്‍ അറസ്റ്റിലായവരുടെ കാര്യത്തില്‍ വീണ്ടും ‘കത്രിക’ കയ്യിലെടുക്കുമോ എന്ന ചോദ്യവും ശക്തമാണ്.

എംഎല്‍എ വിന്‍സന്റിന്റെ കാര്യത്തില്‍ വീട്ടമ്മക്ക് നേരെ അതിക്രമം നടന്നപ്പോള്‍ പോലും ഇവിടെ പലരും ‘അന്തിച്ചര്‍ച്ച’ നടത്തിയിരുന്നില്ല.

ദിലീപ് കേസില്‍ നിഷ്പക്ഷമായി പ്രതികരിച്ചവരെ പോലും അടിച്ചിരുത്തിയവര്‍ എംഎല്‍എയെ ന്യായീകരിച്ച് പ്രത്യക്ഷപ്പെട്ടവര്‍ക്ക് മുന്നില്‍ പല്ലു കൊഴിഞ്ഞ സിംഹങ്ങളായി മാറുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടു.

കോടതി കുറ്റക്കാരനായി കണ്ടെത്തുന്നതിനു മുന്‍പ് ചാനല്‍ റേറ്റിങ്ങ് കൂട്ടുന്നതിനായി സ്വയം ‘വിചാരണ കോടതികള്‍’ ചമയുന്ന ചാനല്‍ സ്റ്റുഡിയോകള്‍ക്ക് എട്ടിന്റെ പണി തന്നെയാണ് സഹപ്രവര്‍ത്തകന്റെ അറസ്റ്റോടെ ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടും വാര്‍ത്തകളിലൂടെയും ചര്‍ച്ചകളിലൂടെയുമെല്ലാം പ്രതികരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ അന്തംവിട്ടിരിക്കുകയാണ്.

പൊലീസില്‍ ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ഉടന്‍ അറസ്റ്റ്, ബാക്കിയെല്ലാം പിന്നീട് . . ഇതാണ് പിണറായി സര്‍ക്കാറിന്റെ നിലപാട്.

മുന്‍കാലങ്ങളിലെ ഒത്തുതീര്‍പ്പ് പരിപാടിയൊന്നും ഈ ഭരണകാലത്ത് ഇനി ചിന്തിക്കാന്‍ പോലും പറ്റില്ല എന്നത് ഓര്‍ത്ത് പല പ്രമുഖരുടെയും ചങ്ക് ഇപ്പോള്‍ തന്നെ ഇടിച്ചു തുടങ്ങിയിട്ടുണ്ട്.

ഒരാളെ പൊലീസ് അറസ്റ്റ് ചെയ്താല്‍ അവര്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കാതെ പൊതു സൂഹത്തിനിടയില്‍ ‘കീറി മുറിക്കുന്ന’വര്‍ക്കുള്ള ശക്തമായ പ്രഹരമാണ് മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതുവികാരം.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top