തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ ഓണക്കിറ്റുകളും ഇന്ന് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വിതരണത്തിനായി റേഷന്‍ കടകള്‍ രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അര്‍ഹരായവര്‍ വൈകിട്ടോടെ ഓണക്കിറ്റ് കൈപ്പണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അര്‍ഹതയുള്ള അവസാന ആള്‍ക്കും ഓണക്കിറ്റ് ഉറപ്പാക്കുമെന്നാണ് മന്ത്രി ജി ആര്‍ അനില്‍ പറയുന്നത്. കിറ്റ് വന്നെങ്കിലും ചില വിതരണകേന്ദ്രങ്ങളില്‍ ആളുകളെത്താന്‍ താമസിക്കുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി പറയുന്നു. ഇന്നലെ രാത്രിയോടെ മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങള്‍ കിറ്റ് വാങ്ങി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുള്ളതിനാല്‍ കോട്ടയം പുതുപ്പള്ളി ഭാഗത്ത് കിറ്റ് വിതരണം ഉണ്ടാകില്ലെന്ന് മന്ത്രി സൂചിപ്പിച്ചു. വന്ന് നില്‍ക്കുന്ന എല്ലാവരും കിറ്റ് വാങ്ങിയ ശേഷമേ വിതരണ കേന്ദ്രങ്ങള്‍ അടയ്ക്കൂ എന്ന് സൂചിപ്പിച്ച മന്ത്രി ട്വന്റിഫോറിന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഓണാശംസകളും നേര്‍ന്നു.
ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59, 944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.