കൊൽക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുമായി സഖ്യത്തിലാണെന്നും ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടിഎംസിക്ക് വോട്ട് ചെയ്യുമെന്നും മമത പ്രഖ്യാപിച്ചു. അതേസമയം ബിജെപിക്കെതിരായ വിശാല സഖ്യത്തിന് മമതയില്ലെന്നത് ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി.
ജനങ്ങളുടെ പിന്തുണയോടെ ഒറ്റയ്‌ക്ക് പൊരുതും. കോൺഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യുന്നവർ ബിജെപിക്കും വോട്ട് ചെയ്യും. കോൺഗ്രസും സിപിഎമ്മും പരസ്‌പര സഹായ ബന്ധത്തിലാണെന്നും മമത കുറ്റപ്പെടുത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.