ഡൽഹി: എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയാലും രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമെന്ന് അശോക് ഗെഹ്ലോട്ട്. ‘നിലവിൽ മുഖ്യമന്ത്രിയായുള്ള തന്റെ ചുമതല നിറവേറ്റുകയാണ്. അത് തുടരും’-ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുകയാണെങ്കിൽ നോമിനേഷൻ നൽകുമെന്ന് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയുമായി കൊച്ചിയിലുള്ള രാഹുൽ ഗാന്ധിയെ കണ്ട്, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഒരിക്കൽക്കൂടി നിർബന്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘പാർട്ടിയും ഹൈക്കമാൻഡും തനിക്ക് എല്ലാം നൽകി. 40-50 വർഷമായി പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എന്ത് ഉത്തരവാദിത്തം തന്നാലും അത് നിറവേറ്റും’- അദ്ദേഹം പറഞ്ഞു.
രാജ്യത്താകെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് തന്നിൽ വിശ്വാസമുണ്ടെന്നും അവർ തന്നോട് നോമിനേഷൻ ഫോം പൂരിപ്പിക്കാൻ പറഞ്ഞാൽ നിഷേധിക്കാൻ സാധിക്കില്ലൈന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
പാർട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവും ഒരുമിച്ചു വഹിക്കാൻ സാധിക്കില്ല എന്നാണ് എഐസിസി തീരുമാനം. എന്നാൽ, ഹൈക്കമാൻഡ് നേരിട്ട് നോമിനേറ്റ് ചെയ്യുന്നതാണെങ്കിൽ മാത്രമാണ് മുഖ്യമന്ത്രി പദവി ഒഴിയേണ്ടത് എന്നാണ് ഗെഹ്ലോട്ടിന്റെ നിലപാട്.
തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 9,000 പിസിസി അംഗങ്ങൾക്കും എംഎൽഎമാർക്കും എംപിമാർക്കും മന്ത്രിമാർക്കും എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പദം ഒഴിയേണ്ടതില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഒരു സംസ്ഥാന മന്ത്രിക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തിന് മന്ത്രിയായി തുടർന്നുതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യത്തിന് നല്ലതാണെന്നും ശശി തരൂർ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
രാജ്നാഥ് സിങിന് ശേഷം അമിത് ഷ ബിജെപി പ്രസിഡന്റായി, പിന്നാലെ ജെപി നഡ്ഡയും പ്രസിഡന്റായി. എന്നാൽ അതൊന്നും ചർച്ചയായില്ല. മാധ്യമങ്ങൾ കോൺഗ്രസിനെ കുറിച്ച് മാത്രം സംസാരിക്കുന്നതിൽ തങ്ങൾ ഭാഗ്യവാൻമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം എന്നതാണ് തന്റെ ആഗ്രഹം. കോൺഗ്രസ് അധ്യക്ഷനായി അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുകയാണെങ്കിൽ പാർട്ടിക്ക് കൂടുതൽ തിളക്കം കിട്ടുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തന്നിൽ നിന്ന് പാർട്ടിക്ക് നേട്ടമുണ്ടാകുന്ന സ്ഥാനത്ത് തുടരുമെന്നും ആ ഉത്തരവാദിത്തത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.