കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും; കേന്ദ്ര ആഭ്യന്തരമന്ത്രി

rajnath-singh

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

1947 മുതല്‍ തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് പറയാനാവില്ല. എന്നാല്‍ സര്‍ക്കാര്‍ ശാശ്വതമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, വിഷയത്തില്‍ സര്‍ക്കാരിന്റെ നയമെന്തെന്ന് വെളിപ്പെടുത്താന്‍ രാജ്‌നാഥ് സിങ് തയാറായില്ല.

വെള്ളിയാഴ്ച കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കശ്മീരില്‍ വീണ്ടും വിഘടനവാദികളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നും താഴ്‌വരിയില്‍ പ്രതിഷേധം കൊടുമ്പരികൊണ്ടിരുന്നു. ആഴ്ചകളോളം തുടര്‍ന്ന പ്രതിഷേധത്തിന് സമാനമായ സാഹചര്യമാണ് കശ്മീരില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

നക്‌സലുകള്‍ക്ക് എതിരായ പോരാട്ടത്തിലും ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ പുരോഗതി ഉണ്ടായതായും ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.

നക്‌സലുകള്‍ക്ക് എതിരായ യുദ്ധം നമ്മള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കീഴടങ്ങുന്ന നക്‌സലുകളുടെ എണ്ണത്തില്‍ നാനൂറ് ശതമാനം വര്‍ധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

Top