വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയും ദക്ഷിണേന്ത്യയിൽ നിന്നും മത്സരിച്ചേക്കും. അതിനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. കഴിഞ്ഞ തവണ വയനാട്ടിനൊപ്പം മത്സരിച്ച അമേഠി കൈവിട്ടതിനാൽ ഇത്തവണ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കാനാണ് രാഹുൽ ഗാന്ധി പദ്ധതി തയ്യാറാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അമേഠിയിലും പ്രിയങ്ക ഗാന്ധിയായിരിക്കും മത്സരിക്കുക. രണ്ടു പേരും രണ്ടു മണ്ഡലങ്ങളിൽ വീതം മത്സരിക്കുമെന്നതുമുറപ്പാണ്. അനാരോഗ്യം കാരണം സോണിയ ഗാന്ധി ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയില്ല. ഇക്കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. റായ്ബറേലി നിലനിർത്തുന്നതോടൊപ്പം തന്നെ അമേഠി തിരിച്ചു പിടിക്കുകയെന്നതും സോണിയയുടെ മക്കളുടെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. ശ്രമകരമായ ദൗത്യമാണത്.
കോൺഗ്രസ്സിൻ്റെ ശക്തികേന്ദ്രമായ അമേഠിയിൽ സ്മൃതി ഇറാനി ഇതിനകം തന്നെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. പ്രിയങ്ക രംഗത്തിറങ്ങിയാലും മണ്ഡലം തിരിച്ചു പിടിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല.
രാഹുലിന്റെ വല്യച്ഛനും, അച്ഛനും അമ്മയ്ക്കും എല്ലാം നൽകിയതിനേക്കാളും വലിയ ചരിത്ര ഭൂരിപക്ഷം നൽകിയാണ് അമേഠിയിലെ ജനത രാഹുലിനെ സ്നേഹിച്ചിരുന്നത്. 2009ൽ യുപിഎ സർക്കാർ തുടർഭരണം നേടുമ്പോൾ രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നാണ് ആ നാട്ടുകാർ സ്വപ്നം കണ്ടിരുന്നത്. അന്നു അവർ നൽകിയത് 3.70 ലക്ഷം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമായിരുന്നു.
എന്നാൽ, ഒരു വ്യാഴവട്ടക്കാലം പിന്നിട്ടപ്പോൾ അതേ അമേഠിയിൽ നിന്ന് കോൺഗ്രസ് പൂർണമായും തുടച്ചുനീക്കപ്പെടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ അമേഠി കോൺഗ്രസിനെ കൈവിട്ടിരുന്നു. ഇപ്പോൾ ആ തകർച്ചയും പൂർണമായിരിക്കുകയാണ്. 2019ൽ യുപിയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിനെതിരെ വോട്ടു ചെയ്തപ്പോഴും കൈവിടാതിരുന്ന റായ്ബറേലിയും ഇപ്പോൾ അമേഠിയുടെ പാതയിലാണ്. റായ്ബറേലി മണ്ഡലത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തേക്കാണ് കോൺഗ്രസ്സ് പിന്തള്ളപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന്റെ ഇന്നത്തെ രാഷ്ട്രീയ ദൈന്യത വ്യക്തമാക്കുന്ന തോൽവികളാണിത്. ഈ സാഹചര്യത്തിൽ, യു.പിയിലെ ലോകസഭ സീറ്റുകളിൽ ഗാന്ധി കുടുംബത്തിനും നിലവിൽ ഒരു പ്രതീക്ഷയുമില്ല. അവരുടെ സകല പ്രതീക്ഷകളും കേരളത്തിലേക്കും കർണ്ണാടകത്തിലേക്കുമാണ്. മറ്റൊരു സംസ്ഥാനത്തും ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഹുലിനും പ്രിയങ്കയ്ക്കും കഴിയുകയില്ല.
നിലവിൽ ഭരണമുള്ള രാജസ്ഥാനിലെ രാഷ്ട്രിയ അന്തരീക്ഷവും കോൺഗ്രസ്സിന് എതിരാണ്. അവിടെ ഐ.എസ് മോഡലിൽ നടന്ന ഇരട്ടക്കൊല വലിയ പ്രഹരമാണ് സർക്കാറിന് ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടിയിലെ ചേരിപ്പോരാണ് മറ്റൊരു വെല്ലുവിളി. ഛത്തീസ്ഗഡിലെ സ്ഥിതിയും ഏറെ പരിതാപകരമാണ്. ഈ സംസ്ഥാനങ്ങളിൽ മത്സരിക്കുന്നതിനേക്കൾ ഭേദം രാഹുലും പ്രിയങ്കയും മത്സരിക്കാതിരിക്കുന്നതാണെന്ന അഭിപ്രായം കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ തന്നെയുണ്ട്. ഇതോടെയാണ് കേരളത്തിനു പുറമെ കർണ്ണാടകയും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുന്നത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ 20-ൽ 19 നേടിയ മാജിക്ക് ഇത്തവണ നടക്കില്ലങ്കിലും വയനാട് ഉൾപ്പെടെ പകുതി സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്നതാണ് യു.ഡി.എഫ് നേതൃത്വത്തിൻ്റെ പ്രതീക്ഷ. അതിന് രാഹുലിൻ്റെ സാന്നിധ്യവും കോൺഗ്രസ്സ് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. രാഹുൽ വയനാട്ടിൽ തുടരാൻ തീരുമാനിച്ചാൽ കർണ്ണാടകയിലെ ഏതെങ്കിലും മണ്ഡലം സുരക്ഷിത മണ്ഡലമാക്കാനാണ് പ്രിയങ്കയും ശ്രമിക്കുക.
അതേസമയം രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യം ഉത്തരേന്ത്യയിലെ ചില കോൺഗ്രസ്സ് നേതാക്കൾക്കിടയിലുണ്ട്. മുസ്ലീംലീഗ് പതാകയെ പാക്കിസ്ഥാൻ പതാകയായി ബി.ജെ.പി ചിത്രീകരിച്ചത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന് മറ്റൊരു കാരണമാണെന്നാണ് ഇക്കൂട്ടരുടെ വാദം. വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിച്ചാൽ ലീഗുകാർ വീണ്ടും പച്ച പതാകയായി വരുമെന്നും അത് തിരിച്ചടിയാകുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ, ഇങ്ങനെ പറയുന്ന നേതാക്കൾക്കു പോലും രാഹുലിന് മത്സരിക്കാൻ പകരം മറ്റൊരു സീറ്റ് ചൂണ്ടിക്കാണിക്കാൻ ഇല്ലന്നതാണ് യാഥാർത്ഥ്യം.
2019-ലെ തിരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ലീഗ് പതാക ചർച്ചയായപ്പോൾ പ്രചാരണപരിപാടികൾക്കായി മുസ്ലിം ലീഗിന്റെ കൊടി ഉപയോഗിക്കാൻ പാടില്ലെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു എന്ന പ്രചരണവും ശക്തമായിരുന്നു. മാനന്തവാടിയിലെ റോഡ് ഷോയിൽ പച്ചക്കൊടി വിലക്കിയെന്ന് ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ ലീഗ് പ്രവർത്തകർക്ക് കൊടി ചുരുട്ടിക്കെട്ടി പോകേണ്ടിവന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നത്.പിന്നീട് ബത്തേരിയിൽ നടത്തിയ റാലിയിൽ പിൻനിരയിൽ ഒന്നോ രണ്ടോ കൊടികൾ അനുവദിച്ചതായ വാർത്തയും പുറത്തു വരികയുണ്ടായി.
ഇതിനെതിരെ ശക്തമായി പ്രതികരിച്ചാണ് അന്ന് ലീഗ് നേതൃത്വവും രംഗത്തു വന്നിരുന്നത്. മുസ്ലിം ലീഗ് രൂപീകരിച്ചതുമുതൽ പച്ച പതാക അഭിമാനത്തോടെയാണ് നെഞ്ചേറ്റിയിട്ടുള്ളതെന്നും പാർട്ടി നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയപ്പോൾ അഭിമാനത്തോടെയാണ് പതാക ഉയർത്തിയതെന്നുമാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി തുറന്നടിച്ചിരുന്നത്.
മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാകിസ്ഥാൻ പതാകയാണെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചതിനു തുല്ല്യമായാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫീറോസ് ആരോപിച്ചിരുന്നത്. ഇതാടെ പച്ച പതാകയിൽ അഭിപ്രായം പറയാൻ ആഗ്രഹിച്ച ഖദർധാരികൾ പോലും മാളത്തിൽ ഒളിക്കുകയാണ് ഉണ്ടായത്.
അതേസമയം രാഹുൽ ഗാന്ധിയുടെ സ്വീകരണ യോഗത്തിലെ ലീഗ് പതാകകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.പരിവാർ സംഘടനകൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും കടന്നാക്രമിക്കാൻ ഈ ദൃശ്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാനെതിരെ ശക്തമായ വികാരം നിലനിൽക്കുന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. രണ്ടു പതാകയിലെയും സാമ്യതകൾ മുൻ നിർത്തി ആയിരുന്നു തെറ്റിധരിപ്പിക്കൽ. കാവിക്കൂട്ടത്തിൻ്റെ ഈ കുപ്രചരണങ്ങളും കോൺഗ്രസ്സ് വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഈ അവസ്ഥയിൽ വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിച്ചാലും, 2019-ലെ ചരിത്രം ആവർത്തിക്കാനുള്ള സാധ്യതയും ഏറെയാണ്.
EXPRESS KERALA VIEW