ബി.ജെ.പിക്ക് മാത്രമല്ല കോണ്‍ഗ്രസ്സിനും നിലവില്‍ വലിയ വെല്ലുവിളിയാണ് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജരിവാളിന്റെ ഈ പാര്‍ട്ടി ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കുമെന്നാണ് വിവിധ സര്‍വേകള്‍ നല്‍കുന്ന സൂചനകള്‍. ഇതിനു പുറമെ ഹരിയാനയിലും മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിലും വലിയ ശക്തിയായാണ് ആം ആദ്മി പാര്‍ട്ടി മാറി കൊണ്ടിരിക്കുന്നത്. എന്തിനേറെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഇമേജാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന ആയുധം. ഡല്‍ഹി മോഡല്‍ ഭരണമാണ് മറ്റൊരു ആകര്‍ഷണം. പഞ്ചാബ് ഭരണം കൂടി പിടിച്ചെടുത്താല്‍ ആം ആദ്മി പാര്‍ട്ടിയുടെ മൂര്‍ച്ചയും കൂടും. മോദിക്ക് ഒത്ത എതിരാളിയായാണ് ദേശീയ തലത്തില്‍ കെജരിവാള്‍ ഇപ്പോള്‍ വളര്‍ന്നു വരുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളില്‍ നല്ലൊരു വിഭാഗത്തിനും അദ്ദേഹം സ്വീകാര്യനുമാണ്. രാഹുല്‍ ഗാന്ധിയുടെ ചങ്കിടിപ്പിക്കുന്നതും ഇതു തന്നെയാണ്. രാഹുല്‍ ഗാന്ധിയെ മുന്‍ നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഭിന്നിച്ച് മത്സരിച്ചാലാകട്ടെ അതിന്റെ ഗുണം ബി.ജെ.പിക്കാണ് ലഭിക്കുക. ഇപ്പോള്‍ തന്നെ വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം. സമാജ് വാദി പാര്‍ട്ടിയാകട്ടെ ചെറു കക്ഷികളുമായി സഖ്യമാകാനാണ് താല്‍പ്പര്യപ്പെടുന്നത്. ഇവിടെയും കോണ്‍ഗ്രസ്സിനെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും തന്നെ തയ്യാറായിട്ടില്ല. ഹരിയാണയാണെങ്കില്‍ പഞ്ചാബിലെ പോലെ തന്നെ കര്‍ഷക വികാരം ആഞ്ഞടിക്കുന്ന സംസ്ഥാനം കൂടിയാണ്. കോണ്‍ഗ്രസ്സിനേക്കാള്‍ കര്‍ഷകര്‍ ഇവിടെ വിശ്വാസമര്‍പ്പിക്കുന്നത് ആം ആദ്മി പാര്‍ട്ടിയെയാണ്.
അതിര്‍ത്തിയിലെ സമരപന്തലില്‍ കുടിവെള്ളവും വൈദ്യുതിയും നിഷേധിക്കപ്പെട്ടപ്പോള്‍ അവിടെയും സഹായ ഹസ്തവുമായി രംഗത്തിറങ്ങിയത് ഡല്‍ഹി സര്‍ക്കാറായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരായ കര്‍ഷക രോക്ഷം ഏറ്റവും കൂടുതല്‍ അലയടിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാണയും. കര്‍ഷകരെ ലാത്തി ചാര്‍ജജ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹരിയാണ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും കര്‍ഷക രോക്ഷം പേടിച്ചിട്ടാണ്. ഒരു വര്‍ഷം പിന്നിട്ട കര്‍ഷക സമരം ഒത്തു തീര്‍ക്കണമെന്ന് ഹരിയാണ, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിലെ ഭരണകൂടത്തിന് താല്‍പ്പര്യമുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശിയിലാണ് ഇപ്പോഴും സമരം തുടര്‍ന്ന് പോകുന്നത്. അതു കൊണ്ടു തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ.പിക്ക് കാലിടറിയില്‍ പഴി കേള്‍ക്കേണ്ടി വരുന്നതും നരേന്ദ്രമോദി തന്നെ ആയിരിക്കും. മോദി ഏറെക്കാലം അടക്കി ഭരിച്ച ഗുജറാത്തില്‍ മുഖ്യമന്ത്രിയെ മാറ്റിയത് തന്നെ തോല്‍വിയെ ഭയന്നാണ്. ഇവിടെയും ജനവികാരം ബി.ജെ.പിക്ക് എതിരാണ്.
ബി.ജെ.പിയുടെ ഭാവി രാഷ്ട്രീയത്തെ നിശ്ചയിക്കാന്‍ പോകുന്നതില്‍ ഗുജറാത്തും യു.പിയും വഹിക്കാന്‍ പോകുന്നത് വലിയ പങ്കാണ്. മോദി സ്വന്തം തട്ടകമായ ഗുജറാത്ത് വിട്ടശേഷം ബി.ജെ.പിക്ക് ഈ സംസ്ഥാനത്ത് ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
എഴു വര്‍ഷത്തിനിടെ ഗുജറാത്തില്‍ മൂന്ന് മുഖ്യമന്ത്രിമാരാണ് ഉണ്ടായിരിക്കുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ നിന്നു പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ വെല്ലുവിളികള്‍ കൂടുതല്‍ കഠിനം തന്നെയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കേവലം 14 മാസം മാത്രമാണ് അവശേഷിക്കുന്നത്. ഇതു മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയെയും അവര്‍ മാറ്റിയിരിക്കുന്നത്. മോദിയെ മുനിര്‍നിര്‍ത്തി പ്രചരിപ്പിച്ച ഗുജറാത്ത് മോഡല്‍ ഇന്ന് ഗുജറാത്തില്‍ തന്നെ ചെലവാകുന്നില്ലന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. സംസ്ഥാനത്ത് പ്രധാനമായും സമ്പത്ത് കൈകാര്യം ചെയ്യുന്ന പട്ടേല്‍ വിഭാഗത്തിനിടയില്‍ വലിയ രോഷമാണുള്ളത്. ഇതു തണുപ്പിക്കാനാണ് ബിസിനസ്സുകാരന്‍ കൂടിയായ ഭൂപേന്ദ്ര പട്ടേലിനെ പുതിയ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.
മോദിയുടെ തുറപ്പുചീട്ടായിരുന്ന ഗുജറാത്ത് മോഡല്‍ നിലവില്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയാണുള്ളത്. എങ്ങനെയെങ്കിലും കാറ്റുനിറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി മാറ്റത്തിലൂടെ ബി.ജെ.പി നടത്തിയിരിക്കുന്നത്. ഇതവരുടെ അവസാനത്തെ പരീക്ഷണമാണ്. ഇതും പൊട്ടിയാല്‍ അത് മോദിക്ക് അപ്രതീക്ഷിത പ്രഹരമായാണ് മാറുക. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചത് 14 ശതമാനത്തോളം വോട്ട് വിഹിതമാണ്. ബി.ജെ.പിയുടെ കോട്ടയായ നഗര മേഖലകളില്‍ പോലും ആം ആദ്മി പാര്‍ട്ടി കടന്നുകയറുകയുണ്ടായി. സൂറത്തില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തിയതും കാവിക്കോട്ടെയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കാവിയണിഞ്ഞതാണ് ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തിയാര്‍ജിക്കാന്‍ പ്രധാന കാരണം. ഇതേ അവസ്ഥ തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ളത്.
ഭരണമുള്ള പഞ്ചാബില്‍ പോലും കോണ്‍ഗ്രസ്സില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണ്. ഈ പാര്‍ട്ടി ഒരിക്കലും നന്നാവില്ലന്ന തിരിച്ചറിവ് വൈകിയാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. മോദിക്ക് ഒത്ത എതിരാളി എന്ന് കെജരിവാള്‍ ചിത്രീകരിക്കപ്പെടുന്നതും അതു കൊണ്ട് തന്നെയാണ്. മമതയെ അംഗീകരിക്കാന്‍ സി.പി.എമ്മും പവാറിനെ അംഗീകരിക്കാന്‍ മറ്റു പാര്‍ട്ടികളും തയ്യാറാകാത്തതിനാല്‍ ഇതു മാത്രമാണ് പ്രതിപക്ഷത്തിന്റെ മുന്നിലുള്ള പ്രധാന തുരുപ്പ് ചീട്ട്. ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ കെജരിവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുക. ഇത്തരമൊരു സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കു പുറമെ സമാജ് വാദി പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടികള്‍, ടി.ആര്‍.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, എന്‍.സി.പി, ശിവസേന, ഡി.എം.കെ, ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, എന്‍.സി.പി, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ കെജരിവാളിനെ പിന്തുണയ്ക്കാനാണ് സാധ്യത.
എന്‍.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യു പോലും മറുകണ്ടം ചാടിയാലും അത്ഭുതപ്പെടേണ്ടതില്ല. കാര്യങ്ങളുടെ പോക്ക് ഇപ്പോള്‍ അങ്ങോട്ടേക്കാണ് നീങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ ഇക്കാര്യത്തില്‍ ചിത്രവും വ്യക്തമാകും. ഇത്തരം ഒരു സാഹചര്യം വന്നാല്‍ ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ കെജരിവാളിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സും നിര്‍ബന്ധിതമാകും. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കെജരിവാള്‍ – മോദി പോരാട്ടമായി ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് ആം ആദ്മി പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. കേരള, ബീഹാര്‍, തമിഴ്‌നാട്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധമാണ് കെജരിവാളിനുള്ളത്. ഈ അടുപ്പവും നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ അദ്ദേഹത്തിന് ഗുണം ചെയ്യാനാണ് സാധ്യത.