സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കും; അല്‍ ജസീറയുടെ ഡോക്യുമെന്ററി പ്രദര്‍ശനം വിലക്കി കോടതി

അലഹാബാദ്: ഇന്ത്യന്‍ മുസ്‌ലിംങ്ങളെക്കുറിച്ച് അല്‍ജസീറ ചാനല്‍ തയാറാക്കിയ ‘ഹൂ ലിറ്റ് ദ് ഫ്യൂസ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് അലഹാബാദ് ഹൈക്കോടതി തടഞ്ഞു. സുധീര്‍ കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സാമുദായിക സൗഹാര്‍ദം തകരുമെന്നാണു ഹര്‍ജിയിലുള്ളത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

രാജ്യത്തെ 17 കോടിയിലേറെ മുസ്‌ലിംകള്‍ മോദി സര്‍ക്കാരിനു കീഴില്‍ ഭയന്നാണു ജീവിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ മുസ്‌ലിം താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ടെന്നു ഹര്‍ജിയിലുണ്ട്. ഇതംഗീകരിച്ച കോടതി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയുകയായിരുന്നു. വിശദമായ പരിശോധനകള്‍ക്കുശേഷമേ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെടുന്നുള്ളുവെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. സാമുദായിക സൗഹാര്‍ദം തകരുന്ന സ്ഥിതിയുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ അലഹാബാദ് ഹൈക്കോടതി വിധി അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിനിമകള്‍ക്കാണു പ്രദര്‍ശനത്തിനു മുന്‍പ് അനുമതി വേണ്ടതെന്നും ഡോക്യുമെന്ററികള്‍ക്കു സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി അഭിഭാഷകരടക്കം ചൂണ്ടിക്കാട്ടുന്നു. പൗരന്മാര്‍ എന്തു കേള്‍ക്കണമെന്ന് അധികാര കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നതു ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്നും നിയമജ്ഞര്‍ പറയുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

 

Top