സീസണ്‍ അവസാനം വരെ നോക്കും; മികച്ച ടീമായി മാറാന്‍ സാധിച്ചെങ്കില്‍ സ്ഥാനം രാജിവയ്ക്കും:സാവി ഹെര്‍ണാണ്ടസ്

മാഡ്രിഡ്: കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലറ്റിക് ക്ലബിനോടേറ്റ തോല്‍വിക്ക് പിന്നാലെ കടുത്ത തീരുമാനവുമായി സാവി ഹെര്‍ണാണ്ടസ്. ഈ സീസണ്‍ അവസാനം വരെ താന്‍ നോക്കും. മികച്ച ഒരു ടീമായി മാറാന്‍ സാധിച്ചെങ്കില്‍ താന്‍ പരിശീലക സ്ഥാനം രാജിവെയ്ക്കുമെന്നും സാവി ഹെര്‍ണാണ്ടസ് പറഞ്ഞു.

ആദ്യ പകുതിയില്‍ 1-2ന് മുന്നിട്ട് നിന്ന ശേഷം ബാഴ്‌സലോണ പിന്നില്‍ പോകുകയായിരുന്നു. 49-ാം മിനിറ്റില്‍ ഒയ്ഹാന്‍ സാന്‍സെറ്റ് സമനില ഗോള്‍ കണ്ടെത്തി. എക്‌സട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ 107-ാം മിനിറ്റില്‍ ഇനാക്കി വില്യംസ് ഗോള്‍ നേടി. 121-ാം മിനിറ്റില്‍ ഇനാക്കിയുടെ സഹോദരന്‍ കൂടിയായ നിക്കോ വില്യംസ് ഗോള്‍വല ചലിപ്പിച്ചു. ഇതോടെ 4-2ന് അത്ലറ്റിക് ക്ലബ് വിജയിക്കുകയായിരുന്നു.അത്ലറ്റിക് ക്ലബിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ അത്ലറ്റിക് ക്ലബ് ഗോളടിച്ചു. ഗോര്‍ക്ക ഗുരുസെറ്റയാണ് അത്ലറ്റിക് ക്ലബിനെ മുന്നിലെത്തിച്ചത്. 26-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും 32-ാം മിനിറ്റില്‍ ലാമിന്‍ യമാലും ബാഴ്‌സലോണയ്ക്കായി ഗോള്‍ നേടി.

താന്‍ പരിശീലകനാണെങ്കിലും അല്ലെങ്കിലും ബാഴ്‌സലോണയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയും. അടുത്ത തലമുറയാണ് ബാഴ്‌സയില്‍ കളിക്കുന്നത്. യുവതാരങ്ങളുടെ പ്രകടനത്തില്‍ താന്‍ സന്തോഷവാനാണ്. എന്നാല്‍ കോപ്പ ഡെല്‍ റേയിലെ പരാജയത്തില്‍ തനിക്ക് സങ്കടമുണ്ടെന്നും സാവി ഹെര്‍ണാണ്ടസ് പ്രതികരിച്ചു.അത്ലറ്റിക് ക്ലബിനോട് കളിക്കുക ബുദ്ധിമുട്ടായിരുന്നു. ഒരു സമനിലയ്ക്കും അപ്പുറത്തുള്ള ഫലം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ലാ ലീഗാ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തണമെങ്കില്‍ ഇനി ശക്തമായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും സാവി ഹെര്‍ണാണ്ടസ് വ്യക്തമാക്കി.

Top