സുധാകരനെ കേന്ദ്രമന്ത്രിയാക്കുമോ മോദി ? ചങ്കിടിച്ച് കോൺഗ്രസ്സ്, അമ്പരന്ന് ലീഗും

കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ വിവാദ പ്രസ്താവനയിൽ കോൺഗ്രസ്സ് ഹൈക്കമാന്റിന് കടുത്ത അവർഷം. ഏത് സാഹചര്യത്തിൽ ആയാലും സുധാകരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന നിലപാടിലാണ് ഉന്നത നേതാക്കൾ. ഈ വിഷയം ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിലും നേതാക്കൾ പെടുത്തിയിട്ടുണ്ട്.

“താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും, അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ്” സുധാകരന്‍ കണ്ണൂരിൽ പ്രസംഗിച്ചിരുന്നത്. ഈ പരാമർശത്തിൽ അദ്ദേഹം പിന്നീട് ഉറച്ചു നിൽക്കുകയും ചെയ്തു. ഏതു പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും,അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നുമാണ് സുധാകരന്റെ ന്യായീകരണം.

കണ്ണൂർ തോട്ടടയിലെ ആർഎസ്എസ് ശാഖ സിപിഎം അടിച്ചു തകർക്കാൻ പദ്ധതിയിട്ടപ്പോൾ താൻ അങ്ങോട്ടേക്ക് ആളെ വിട്ടിട്ടുണ്ടെന്ന കാര്യം മാധ്യമങ്ങൾക്കു മുന്നിലും കെ.പി.സി.സി അദ്ധ്യക്ഷൻ ആവർത്തിച്ചു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന, ചുട്ട മറുപടിയും സുധാകരൻ നൽകുകയുണ്ടായി. കോൺഗ്രസ്സിന്റെ മാത്രമല്ല, മുസ്ലിം ലീഗിന്റെയും നെഞ്ചത്ത് തറച്ച പ്രതികരണമാണിത്.

ഇപ്പോൾ ബി.ജെ.പിയിൽ പോകില്ലന്ന് സുധാകരൻ പറയുന്നുണ്ടെങ്കിലും, നാളെ അതുനുള്ള സാധ്യത തുറന്നിട്ട് തന്നെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിനു തൊട്ടു പിന്നാലെയാണ് , കേരളത്തിലെ കോൺഗ്രസ്സ് അദ്ധ്യക്ഷൻ തന്നെ, ബി.ജെ.പിയെയും ആർ.എസ്.എസിനെയും മോഹിപ്പിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് കേവലം യാദൃശ്ചികമായി മാത്രം വിലയിരുത്താൻ കഴിയുന്നതല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ആർ.എസ്.എസുമായി മുൻപും കെ സുധാകരൻ സഹകരിച്ചിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫിന് അടുത്ത തവണയും ഭരണം ലഭിക്കുമെന്ന പ്രതീക്ഷയും സുധാകരനില്ല. ഇനി അഥവാ ഭരണം ലഭിച്ചാൽ തന്നെ താൻ മുഖ്യമന്ത്രി ആകാൻ പോകുന്നില്ലന്ന് ഏറ്റവും ആദ്യം തിരിച്ചറിയുന്നതും സുധാകരനാണ്. അതു കൊണ്ട് തന്നെ സുധാകരൻ അധികം താമസിയാതെ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഈ സംശയം കോൺഗ്രസ്സ് ഹൈക്കമാന്റിനും നിലവിലുണ്ട്.

ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ ഭാരത യാത്ര നടത്തുന്ന രാഹുലിന്, സുധാകരന്റെ സംഘപരിവാർ അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് ഇനി മറുപടി പറയേണ്ടിവരും. രാഹുൽ എന്ത് പറയും എന്നതും പ്രസക്തമായ കാര്യമാണ്.

കേരളത്തിലെ സർവ്വകലാശാലാ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന കെ.സുധാകരന്റെ നിലപാടും, ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഗവർണറുടെ അധികാരം നിലനിർത്തി കൊണ്ടു പോകണമെന്നതാണ് സുധാകരന്റെ അഭിപ്രായം. എന്നാൽ സുധാകരന്റെ ഈ അഭിപ്രായത്തോടും മുസ്ലിംലീഗ് യോജിക്കുന്നില്ല. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം വിളിച്ചാൽ, ശക്തമായി എതിർക്കാൻ തന്നെയാണ് ലീഗ് തീരുമാനം. ഇതും കോൺഗ്രസ്സിന് വലിയ തലവേദനയാകും. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന വന്നതോടെ ലീഗ്, യു.ഡി.എഫിൽ നിന്നും വിട്ടു പോരണമെന്ന നിലപാട് ലീഗ് അണികളിൽ നിന്നു പോലും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇത് ലീഗ് നേതൃത്വത്തെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിന് മുൻപോ അതല്ലങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപോ കെ.സുധാകരൻ ബി.ജെ.പിയിൽ ചേരുമെന്ന പ്രചരണം, സോഷ്യൽ മീഡിയകളിലും ഇപ്പോൾ വ്യാപകമാണ്. കേരളം പിടിക്കാൻ കെ.സുധാകരനെ രാജ്യസഭയിൽ എത്തിച്ച് കേന്ദ്ര മന്ത്രിയാക്കാനും ബി.ജെ.പി. മടിക്കില്ലന്നാണ് പ്രചരണം. ഇതിനെ കേവലം ഒരു അഭ്യൂഹമായി കാണാത്തവരും നിരവധിയാണ്. അതിന് വ്യക്തമായ കാരണവും ഉണ്ട്. മുൻപും ബി.ജെ.പിയിൽ പോകാൻ സാധ്യത കൽപ്പിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഒന്നാം പേരുകാരനായിരുന്നു സുധാകരൻ. കെ.പി.സി.സി അദ്ധ്യക്ഷൻ ആയിരുന്നില്ലങ്കിൽ ഇതിനകം തന്നെ സുധാകരൻ ബി.ജെ.പിയിൽ ചേക്കേറുമായിരുന്നു എന്നാണ് സുധാകരന്റെ എതിരാളികളും തുറന്നടിക്കുന്നത്. സുധാകരൻ കോൺഗ്രസ്സിൽ കൈപിടിച്ച് വളർത്തിയ എ.പി അബ്ദുള്ളക്കുട്ടി ഇപ്പോൾ ബി.ജെ.പിയുടെ ദേശീയ നേതാവാണ് എന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top