ന്യൂഡല്‍ഹി: തന്നെ ആരും കേരളത്തിലേക്ക് തിരിച്ച് വിളിച്ചിട്ടില്ലെന്ന് ഡി.ജി.പി മഹേഷ് കുമാര്‍ സിംഗ്ല. ഡെപ്യൂട്ടേഷനിലുള്ള ഡി.ജി.പിമാരെ കേരളം തിരിച്ച് വിളിക്കുന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ Express Kerala-യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ചണ്ഡിഗഡില്‍ ബി.എസ്.എഫ് അഡീഷണല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന 82 ബാച്ചുകാരനായ സിംഗ്ലയാണ് കേരള കേഡറിലെ ഏറ്റവും സീനിയറായ ഡി.ജി.പി. അദ്ദേഹത്തിന് 2017 മെയ് വരെ സര്‍വ്വീസ് ബാക്കിയുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഡി.ജി.പിമാരായ ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ് എന്നിവര്‍ ഉടക്കിയ സാഹചര്യത്തിലാണ് ഡെപ്യൂട്ടേഷനില്‍ പോയവരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നത്.
സിംഗ്ല തിരികെ വരികയാണെങ്കില്‍ അദ്ദേഹത്തെ വിജിലന്‍സ് തലപ്പത്തോ അതല്ലെങ്കില്‍ സിംഗ്ലക്ക് ക്രമസമാധാന ചുമതല നല്‍കി സെന്‍കുമാറിനെ വിജിലന്‍സില്‍ നിയമിക്കുകയോ ചെയ്യണമെന്ന ആലോചനയാണ് ആഭ്യന്തര വകുപ്പില്‍ നടന്നിരുന്നത്.
എന്നാല്‍ പിന്നീട് അവധി റദ്ദാക്കി ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിംഗും ജോലിയില്‍ പ്രവേശിച്ചതിനാല്‍ ഇതു സംബന്ധമായ കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടായിരുന്നില്ല.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡി.ജി.പി കേഡര്‍ തസ്തിക ആയതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിയമനം അംഗീകരിക്കില്ലെന്ന് രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് മറ്റ് പോംവഴികള്‍ തേടേണ്ടി വരും.
കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരുവനന്തപുരം വിമാന താവളത്തില്‍ നേരിട്ട് കണ്ട് ഡി.ജി.പി കേഡര്‍ തസ്തിക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാരിപ്പോള്‍ ശ്രമിക്കുന്നത്.
അതിന് കഴിഞ്ഞില്ലെങ്കില്‍ ആറ് മാസത്തേക്ക് സര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പിയായി പ്രമോട്ട് ചെയ്യാനാണ് തീരുമാനം.
കെ.എം മാണിക്കും മന്ത്രി ബാബുവിനുമെതിരെയുള്ള അന്വേഷണം സര്‍ക്കാരിനെ ‘കുഴപ്പത്തില്‍’ ആക്കാതിരിക്കാനാണിത്. ആറ് മാസം കഴിഞ്ഞാല്‍ പുതിയ സര്‍ക്കാരാണ് വരികയെന്നതിനാല്‍ കേഡര്‍ പദവി സംബന്ധിച്ച് അപ്പോള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍.
യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നല്‍കാത്ത പരിഗണന ഇക്കാര്യത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകുമോയെന്നാണ് ഇനി അറിയാനുള്ളത്.
കേന്ദ്രം കര്‍ക്കശ നിലപാടെടുത്താല്‍ നിലവില്‍ സംസ്ഥാനത്തുള്ള മൂന്ന് ഡി.ജി.പിമാരില്‍ ആരെയെങ്കിലും വിജിലന്‍സ് തലപ്പത്ത് നിയമിക്കേണ്ടിവരും. മൂന്ന് പേരും സര്‍ക്കാരിന്റെ ‘ഹിറ്റ് ലിസ്റ്റി’ലുള്ളതിനാല്‍ പിന്നെയുള്ള സാധ്യത ഡെപ്യൂട്ടേഷനിലുള്ളവരില്‍ ആരെയെങ്കിലും മടക്കിക്കൊണ്ട് വരിക എന്നതാണ്.
വിജിലന്‍സ് ഡയറക്ടര്‍ ആവാന്‍ എന്തായാലും താന്‍ മടങ്ങി വരില്ലെന്ന കര്‍ക്കശ നിലപാടിലാണ് മഹേഷ് കുമാര്‍ സിംഗ്ല. ക്രമസമാധാന ചുമതലയില്‍ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ മടങ്ങുമോ എന്ന ചോദ്യത്തില്‍ നിന്നും തന്ത്രപൂര്‍വ്വം അദ്ദേഹം ഒഴിഞ്ഞുമാറി.
താന്‍ ചണ്ഡിഗഡില്‍ ഇപ്പോള്‍ ഹാപ്പിയാണെന്നും മറ്റൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമാണ് സിംഗ്ലയുടെ നിലപാട്. സംസ്ഥാന പോലീസ് ചീഫായി വരുന്നതിനായി ഡെപ്യൂട്ടേഷന്‍ റദ്ദാക്കി തിരിച്ച് വരാന്‍ നേരത്തെ സിംഗ്ല ഒരുങ്ങിയിരുന്നെങ്കിലും സര്‍ക്കാര്‍ വലിയ താല്‍പ്പര്യമെടുത്തിരുന്നില്ല.
സിംഗ്ല നേരിട്ട് ഇതു സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നൈങ്കിലും തല്‍ക്കാലം തിരിച്ച് വിളിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ തൊട്ടടുത്ത സീനിയറായ സെന്‍കുമാറിന് നറുക്ക് വീണത്.
സിംഗ്ലക്ക് പുറമെ ഡെപ്യൂട്ടേഷനിലുള്ള മറ്റൊരു ഡിജിപി 84 ബാച്ചുകാരനായ അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍) ആണ്. നിലവില്‍ ‘റോ’യുടെ ഭാഗമായി അമേരിക്കയില്‍ സുപ്രധാന ചുമതല വഹിക്കുന്നതിനാല്‍ അദ്ദേഹവും മടങ്ങിവരാന്‍ തയ്യാറല്ലെന്നാണ് സൂചന.