തിരുവനന്തപുരം: കോര്‍പ്പറേഷന്റെ ഇപ്പോഴുള്ള ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കേണ്ട സാഹചര്യം വേണ്ടിവരില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍.
കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപകമായി വാടകവണ്ടി പരിഷ്‌കാരം നടപ്പാക്കാനുള്ള മാനേജ്‌മെന്റ് നീക്കം ഇതോടെ ഇല്ലാതെയാകും. ഇതുസംബന്ധിച്ച നിര്‍ദേശം കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നാണ് സൂചന. നിലവിലുള്ള ബസുകള്‍ സമയ നിഷ്ഠയോടെ സര്‍വീസ് നടത്താനുള്ള നടപടിയാണ് ഇപ്പോള്‍ വേണ്ടതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
വാടകവണ്ടി സംബന്ധിച്ച നിര്‍ദ്ദേശം മാത്രമാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മുമ്പാകെ വച്ചിരുന്നത്. പദ്ധതി ഗുണകരമാകുമോ എന്ന് ആദ്യം സര്‍ക്കാരിന് ബോദ്ധ്യപ്പെടണം. അതിന് വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതിനുശേഷം അനുകൂലമാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും. അല്ലെങ്കില്‍ സ്വാഭാവികമായും ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലാത്തതിനാല്‍ ഉടന്‍ ചര്‍ച്ച നടത്തേണ്ട ആവശ്യകതയില്ലന്നും മന്ത്രി വ്യക്തമാക്കി.
വാടക വണ്ടികള്‍ കൂടുതലായി ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് എം.ഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സിയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാണ് വാടക വണ്ടി പദ്ധതിയെന്നാണ് തച്ചങ്കരി പറയുന്നത്. സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ നിറം നല്‍കി ഓടിക്കുന്നതിലൂടെ റൂട്ടുകളുടെ 80 ശതമാനവും സ്വന്തമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.