ന്യൂഡല്‍ഹി : ബിജെപിയുമായുള്ള സഖ്യം തുടരാന്‍ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ ടിഡിപിയും തീരുമാനിച്ചു. ഇന്ന് അമരാവതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വൈഎസ് റെഡ്ഡിയാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം എന്നാണ് സൂചന.
കേന്ദ്രബജറ്റില്‍ മതിയായ പരിഗണന ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ബിജെപിയുമായി ഇടഞ്ഞ ടിഡിപി സഖ്യം വിടുമെന്ന സൂചന നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാനായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ അമരാവതിയില്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്നത്. അതേസമയം, ബജറ്റില്‍ മതിയായ പരിഗണന ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനും പാര്‍ട്ടി തീരുമാനിച്ചു.