ഗവർണറെ പിന്തുണക്കില്ല; നിലപാട് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ദില്ലി: സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഗവർണറെ പിന്തുണക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്ന് ഖര്‍ഗെ വ്യക്തമാക്കി. ഗവർണർ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ച് ബിജെപി ഇടപെടുന്നതിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു.

ഗവർണർമാരുടെ സംസ്ഥാനങ്ങളിലെ അനാവശ്യ ഇടപെടലില്‍ സിപിഎം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ചർച്ച നടത്തും. ഗവർണർമാരെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം. വിസിമാരുടെ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗവർണറെ പിന്തുണച്ചെങ്കിലും ദേശീയ തലത്തില്‍ തള്ളി പറഞ്ഞിരുന്നു. ഇതടക്കം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിനെ കൂടി സഹകരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.

ഗവർണർ സര്ക്കാർ പോരിനിടെ രാജ് ഭവന് ധനവകുപ്പ് 75 ലക്ഷം രൂപ അനുവദിച്ച നടപടി അനുനയ ശ്രമം അല്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. സ്വാഭാവിക നടപടി മാത്രമാണെന്നും തെറ്റായി വ്യാഖ്യാനിക്കരുത് എന്നും ധനമന്ത്രി ദില്ലിയിൽ പറഞ്ഞു. കഴിഞ്ഞ 25 ന് ഗവർണർ ധനമന്ത്രിയിൽ അപ്രീതി രേഖപ്പെടുത്തിയതിന് പിന്നാലെ 27 നാണ് രാജ്ഭവനിൽ ഇ ഓഫീസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിംഗ് സംവിധാനവും ഒരുക്കുന്നതിനായി 75 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. ഇത് അനുനയ ശ്രമം ആണെന്നായിരുന്നു റിപ്പോർട്ട്.

Top