തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും.
അഴിമതി ആരോപണത്തിനു പിന്നാലെ ബലാത്സംഗക്കുറ്റമടക്കം അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെട്ട ഉന്നത നേതാക്കളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിലപാടാണ് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ക്കുള്ളത്.
രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്ന പശ്ചാത്തലത്തില്‍ നുണപരിശോധനയിലൂടെ കാര്യങ്ങള്‍ പൊതു സമൂഹത്തിനും വ്യക്തമാകുമല്ലോ എന്ന നിലപാട് സി.പി.എം നേതാക്കള്‍ക്കുമുണ്ട്.
ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ തയ്യാറല്ല.
അതേസമയം അന്വേഷണം ഏറ്റെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്താലും പെട്ടന്ന് തന്നെ അറസ്റ്റ് പോലുള്ള നടപടിയിലേക്ക് അന്വേഷണ സംഘം കടക്കില്ലെന്നാണ് അറിയുന്നത്.
സരിതയുടെ മൊഴി രേഖപ്പെടുത്തി സാക്ഷിമൊഴികളും കുറ്റകൃത്യം നടന്ന സ്ഥലങ്ങളും പരിശോധിച്ച് അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കിയ ശേഷമേ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയുള്ളൂ എന്നാണ് സൂചന.
മാനഭംഗക്കുറ്റം ആരോപിക്കപ്പെട്ട ഉമ്മന്‍ ചാണ്ടി, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ജോസ്.കെ.മാണി, പളനിമാണിക്യം, എന്‍.സുബ്രഹമണ്യന്‍, എ.ഡി.ജി.പി പത്മകുമാര്‍ എന്നിവരെ ചോദ്യം ചെയ്തതിനു ശേഷം പിന്നീട് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടാല്‍ അത് വലിയ വിവാദത്തിന് തന്നെ തിരികൊളുത്തിയേക്കുമെന്ന ഭയവും ഉന്നതര്‍ക്കുണ്ട്.
നടന്‍ ദിലീപിനെ, നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം തുറങ്കിലടച്ചതിനാല്‍ നാട് ഭരിച്ച മുന്‍ മന്ത്രിമാരുടെയും, എം പി, എം.എല്‍.എ, എ.ഡി.ജി.പി എന്നിവരുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പൊലീസിന് മറുപടി പറയേണ്ടി വരും.
അത്തരമൊരു സാഹചര്യം പിണറായി സര്‍ക്കാര്‍ ഒരിക്കലും ആഗ്രഹിക്കുന്നുമില്ല.
ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിനു മുന്‍പ് തന്നെ മുന്‍കൂര്‍ ജാമ്യം തേടി നേതാക്കള്‍ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലവിലുണ്ട്.
എ.ഡി.ജി.പി രാജേഷ് ദിവാന്‍ നയിക്കുന്ന അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ എന്തായിരിക്കുമെന്നതിനെ അനുസരിച്ചായിരിക്കും ഇവരുടെ മറ്റു നീക്കങ്ങള്‍.
അറസ്റ്റ് നടന്നാല്‍ പെട്ടന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് ദിലീപിന്റെ ‘അനുഭവം’ മുന്‍നിര്‍ത്തി യു.ഡി.എഫ് നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്.
സമൂഹത്തില്‍ വന്‍ സ്വാധീന ശക്തിയുള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും, തെളിവുകള്‍ നശിപ്പിക്കുമെന്നുമൊക്കെ ദിലീപ് കേസില്‍ കോടതിയില്‍ പറഞ്ഞ പ്രോസിക്യൂഷന്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട കേസില്‍ എന്താണ് പറയുക എന്ന് യു.ഡി.എഫ് നേതാക്കള്‍ക്കു നല്ല പോലെ അറിയാം.
അതു കൊണ്ട് തന്നെ അറസ്റ്റ് ഏത് വിധേയനേയും ഒഴിവാക്കുക എന്നതാണ് നേതാക്കളുടെ പ്രഥമ ലക്ഷ്യമത്രെ.
ഒരിക്കല്‍ സല്യൂട്ടടിച്ച കൈകള്‍ ചോദ്യശരങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വിയര്‍ക്കാതെ മറുപടി പറയാന്‍ ചോദ്യം ചെയ്യലിന് വിധേയരാവുന്ന ഉന്നതര്‍ക്ക് ഇനി കഴിയുമോ എന്നത് പൊലീസ് സേനയും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ്.
നുണ പരിശോധന വേണമെന്ന ആവശ്യം അനോഷണ സംഘം കോടതിയില്‍ മുന്നോട്ടുവച്ചാല്‍ അതിനോട് പ്രതികള്‍ മുഖം തിരിച്ചാല്‍, നുണപരിശോധന നടക്കില്ലങ്കിലും പൊതു സമൂഹത്തിനു മുന്നില്‍ ഇവര്‍ കുറ്റക്കാരായി ചിത്രീകരിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.
ലോക് സഭാ തിരഞ്ഞെടുപ്പു അടുത്തിരിക്കെ ഭണപക്ഷത്തെ സംബന്ധിച്ച് ഇത്തരമൊരു നിലപാട് യു.ഡി.എഫിനെ അടിക്കാനുള്ള വലിയ വടിയുമാകും.
ഇനി നുണ പരിശോധനക്ക് നേതാക്കള്‍ തയ്യാറാവുകയും പരിശോധനാ ഫലം അവര്‍ക്ക് അനുകൂലമാവുകയും ചെയ്താല്‍ അത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ പിടിവള്ളിയാകും.
കേസിന്റെ നിലനില്‍പ്പിന് പോലും അത് തിരിച്ചടിയുമാകും.