കോഴിക്കോട്: വടകരയിലും പൂഞ്ഞാറിലും ശക്തമായ അടിയൊഴുക്കുകള്‍. വോട്ടെടുപ്പ് സമാപിച്ചതിന് ശേഷം ലഭിക്കുന്ന കണക്കുകള്‍പ്രകാരം കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വടകരയില്‍ ഇടതുപക്ഷം-യുഡിഎഫ് പോരാട്ടം എന്നതുമാറി ഇടതുപക്ഷവും കെ കെ രമയും തമ്മിലുള്ള പോരാട്ടമായാണ് മാറിയിരിക്കുന്നത്.
രമക്ക് നേരെ ആക്രമണം നടന്നുവെന്ന ആരോപണവും ഇത് നിഷേധിച്ച് സിപിഎം നടത്തിയ പ്രതിരോധവുമെല്ലാം വോട്ടെടുപ്പില്‍ ഏതു തരത്തിലാണ് പ്രതിഫലിച്ചതെന്ന കാര്യത്തില്‍ മുന്നണികള്‍ തന്നെ ആശയക്കുഴപ്പത്തിലാണ്.
ഇടതുപക്ഷത്ത് സിറ്റിങ് എംഎല്‍എയും ജനതാദള്‍ നേതാവുമായ സികെ നാണുവാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയുമായി ഏറ്റുമുട്ടുന്നത്.
വടകര നഗരസഭ, ഒഞ്ചിയം,ചോറോട്,ഏറാമല,അഴിയൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് വടകര മണ്ഡലം. ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നത് ആര്‍എംപിയാണ്. ചോറോട് പഞ്ചായത്തില്‍ ആര്‍എംപി പിന്തുണയോടെ യുഡിഎഫാണ് ഭരിക്കുന്നത്. ഏറാമല,അഴിയൂര്‍ പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണമാണെങ്കിലും ശക്തമായ സ്വാധീനം ആര്‍എംപിക്കുണ്ടെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
33,000 വോട്ട് പിടിച്ചാല്‍ ജയിക്കാമെന്നാണ് ആര്‍എംപി നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍. 20,000 ത്തോളം പാനല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നുമായി വിജയിക്കാനാവശ്യമായ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം.
ഇവിടെ യുഡിഎഫിന് വേണ്ടി ജെഡിയുവിലെ മനയത്ത് ചന്ദ്രനും ബിജെപി മുന്നണിക്ക് വേണ്ടി എം രാജേഷ് കുമാറും ജനവിധി തേടുന്നുണ്ടെങ്കിലും കെകെ രമ-സിപിഎം പോരാട്ടമായാണ് വോട്ടെടുപ്പ് ദിവസത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വടകരയെ വിലയിരുത്തുന്നത്.
ഒഞ്ചിയമടക്കം തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മുഴുവന്‍ കേഡര്‍മാരെയും രംഗത്തിറക്കിയാണ് കെ കെ രമക്ക് വേണ്ടി ആര്‍എംപി രംഗത്തിറങ്ങിയത്. സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ കൈയ്യേറ്റവും ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് രമക്ക് നേരെയുണ്ടായ കൈയ്യേറ്റത്തെ പരാമര്‍ശിച്ച് ‘ എനിക്ക് അമ്മയെ വേണം കൊന്നു കളയരുത്’ എന്ന തലവാചകത്തോടെ ഇട്ട ഫേസ്ബുക്ക് പോസ്റ്റും ഈ പ്രതികരണം മുഖ്യധാരാ മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതുമെല്ലാം രമക്ക് അനുകൂലമാകുമെന്നാണ് ആര്‍എംപി നേതൃത്വത്തിന്റെ പ്രതീക്ഷ.
സിപിഎം ആകട്ടെ മുന്നണി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മത്സരിക്കുന്നതെങ്കിലും പാര്‍ട്ടിയുടെ അഭിമാന പോരാട്ടമായാണ് വടകരയെ കാണുന്നത്. അതിനാല്‍ തന്നെ സംഘടനാ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തി തന്നെയാണ് അവരുടെയും പ്രതിരോധം.
ഇവിടെ അവസാന ഘട്ടത്തില്‍ യുഡിഎഫും ബിജെപിയും രമയ്ക്ക് വോട്ട് മറിച്ചതായ ആരോപണവും ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
എന്നാല്‍ ചതുഷ്‌കോണ മത്സരം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ അവകാശവാദം കള്ളമാണെന്നും വടകരയിലെ സഹായത്തിന് കുറ്റ്യാടിയില്‍ തിരിച്ച് ആര്‍എംപി കോണ്‍ഗ്രസിനെ സഹായിച്ചെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.
വടകര-കുറ്റ്യാടി മണ്ഡലങ്ങളില്‍ കൊടുക്കല്‍ വാങ്ങല്‍ ഇടപാട് നടന്നതായാണ് ചില രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
അങ്ങനെ സംഭവിച്ചാല്‍ ഈ രണ്ട് സിറ്റിംങ്ങ് മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികളുടെ കാര്യം പരുങ്ങലിലാവാനാണ് സാധ്യത.
സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ ഭാര്യ കെ കെ ലതികയാണ് കുറ്റ്യാടിയിലെ സിപിഎം സ്ഥാനാര്‍ത്ഥി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്ന് മോഹനന്‍ മാസ്റ്ററെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കെ കെ രമയും ആര്‍എംപിയും മോഹനന്‍ മാസ്റ്റര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തന്നെയാണ് ഇപ്പോഴും ആരോപിക്കുന്നത്.
കുറ്റ്യാടിയില്‍ മോശമല്ലാത്ത സ്വാധീനം ആര്‍എംപിക്കുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി മറിച്ച് നല്‍കിയതായ അഭ്യൂഹം മണ്ഡലത്തില്‍ ശക്തമാണ്.
ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നാല്‍ പോലും കെ കെ രമ വടകരയില്‍ ജയിക്കരുതെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.
സംസ്ഥാനത്ത് ചതുഷ്‌കോണ മത്സരം ശക്തമായി നടക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് പൂഞ്ഞാര്‍. ഇടത് വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥിക്കല്ല തനിക്കാണ് ലഭിക്കുകയെന്ന് പറഞ്ഞ പിസി ജോര്‍ജ്ജ്, തന്നെ സിപിഎം നേതൃത്വം വഞ്ചിച്ചുവെന്ന് ആരോപിച്ച് പൊട്ടിത്തെറിച്ചിരുന്നു.
ത്രിശങ്കു സഭയാണ് വരികയെന്നും അത്തരമൊരു സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദനുവേണ്ടി മാത്രമേ താന്‍ കൈപൊക്കൂവെന്നുമാണ് ജോര്‍ജ്ജ് നയം വ്യക്തമാക്കിയിരിക്കുന്നത്.
ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി എത്തിയ വിഎസ് അച്യുതാനന്ദന്‍ പി സി ജോര്‍ജ്ജിനെ കടന്നാക്രമിക്കാതിരുന്നതും വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രസംഗം ഏതാനും വരികളില്‍ അവസാനിപ്പിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
പാലായിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ പ്രചരണ യോഗത്തില്‍ പരസ്യമായി പങ്കെടുത്തും സിപിഎം അണികളില്‍ ജോര്‍ജ്ജ് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇവിടുത്തെ കനത്ത പോളിങ് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക്കൂട്ടലുകള്‍ക്കുമപ്പുറത്താണ്.