ഡല്‍ഹി: മുംബൈയില്‍ ചേരുന്ന പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’യുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ഈ മാസം അവസാനം ആണ് ‘ഇന്‍ഡ്യ’യുടെ യോഗം മുംബൈയില്‍ ചേരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് പോകുമെന്നും തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി
ആഗസ്റ്റ് 31, സെപ്തംബര്‍ 1 തീയതികളില്‍ മുംബൈയിലാണ് ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ മൂന്നാമത്തെ യോഗം നടക്കുക. പാര്‍ട്ടികളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ യോഗത്തില്‍ പരമാവധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, സഖ്യത്തിന്റെ ഏകോപനത്തിനായി 11 അംഗസമിതി രൂപീകരിക്കുകയും കണ്‍വീനറെ തെരഞ്ഞെടുക്കുകയും ചെയ്യും.
ശിവസേന വിഭാഗവും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവും കോണ്‍ഗ്രസിന്റെ പിന്തുണയോടെ സംയുക്തമായാണ് മുംബൈയില്‍ യോഗം സംഘടിപ്പിക്കുന്നത്. മൂന്ന് പാര്‍ട്ടികളും മഹാവികാസ് അഖാഡി സഖ്യത്തിലെ ഘടകകക്ഷികളാണ്. ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം വിജയകരമാക്കുമെന്ന് ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്‍ഡ്യ സഖ്യത്തിന്റെ ആദ്യ യോഗം ജൂണില്‍ ബിഹാറിലെ പട്നയിലും രണ്ടാമത്തേത് കഴിഞ്ഞ മാസം കര്‍ണാടകയിലെ ബംഗളൂരുവിലും ചേര്‍ന്നിരുന്നു. ബംഗളൂരുവില്‍ നടന്ന 26 പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന സഖ്യം പ്രഖ്യാപിച്ചത്.