തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സാലറി കട്ട് വന്നത്. സംസ്ഥാനത്തെ 868 ഡോക്ടര്‍മാര്‍ക്കും 42000 രൂപ വീതം മൂന്ന് മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കും. ഇവരുടെ കാലാവധി നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. ജോലിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ കൊവിഡ് ബ്രിഗേഡില്‍ ചേരണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിലാണ് ഹൗസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങിയവരെ കൊവിഡ് ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിലേക്കു അടക്കം മൂന്ന് മാസത്തേക്ക് നിയമിച്ചത്. എന്നാല്‍ ശമ്പളം കിട്ടാതായതോടെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് താല്‍കാലിക മെഡിക്കല്‍ ഓഫിസര്‍ എന്ന തസ്തിക നിര്‍ണയിച്ച് 42000 രൂപ ശമ്പളവും പ്രഖ്യാപിച്ചു.
എന്നാല്‍ സ്പാര്‍ക് വഴി ശമ്പളം എത്തിയപ്പോള്‍ സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി ആറ് ദിവസത്തെ ശമ്പളം പിടിച്ചു . ആദായ നികുതി കൂടി പിടിച്ചു കഴിയുമ്പോള്‍ 27000 രൂപയാണ് ഇവര്‍ക്ക് കിട്ടിയത്. ഇതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.