മഡ്ഗാവ്: നിയമപരമായി ബീഫ് ഇറക്കുമതി നടത്തുന്നതില്‍ ഇടപെടുന്നവര്‍ കര്‍ശനമായി ശിക്ഷിക്കപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോരക്ഷകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഇറച്ചി വ്യാപാരികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചതിനു പിന്നാലെയാണ് പരീക്കറുടെ മുന്നറിയിപ്പ്.
നിയമത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ രേഖകളും രേഖാമൂലമുള്ള പണമടയ്ക്കലും നടത്തിക്കഴിഞ്ഞാല്‍ ഇറക്കുമതി ചെയ്യുന്നതില്‍നിന്ന് ആരെയും തടയാന്‍ കഴിയില്ലെന്നാണ് നിയമം അനുശാസിക്കുന്നതെന്നും പരീക്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.
എല്ലാം കൃത്യമാണെങ്കില്‍ പുറത്തുനിന്നുള്ള ആരുടെയും ഇടപെടല്‍ സാധ്യമല്ലെന്നും ഗോരക്ഷകരെകുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.