തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഷാജ് കിരണിനെയും ഇബ്രാഹിമിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും.
ഡിജിപി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ . സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സ്വപ്നയുമായി ഏറെക്കാലത്തെ പരിചയമുള്ളവരാണ് ഷാജ് കിരണും ഇബ്രാഹിമും. അതുകൊണ്ടുതന്നെ ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പോലീസ് സംശയിക്കുന്നുണ്ട്. ഇവരെ പ്രതിയാക്കുന്ന കാര്യവും പോലീസ് പരിഗണനയിലുണ്ട്.
അതിനിടെ, ഷാജ് കിരണ്‍ തമിഴ്‌നാട്ടിലേക്കു പോയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വപ്നയ്ക്കെതിരായ വീഡിയോ ശനിയാഴ്ച പുറത്തുവിടുമെന്നു ഷാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ഈ വീഡിയോ ഫോണില്‍നിന്ന് മാഞ്ഞുപോയതിനാല്‍ അതു വീണ്ടെടുക്കാന്‍വേണ്ടിയാണ് തമിഴ്‌നാട്ടിലേക്കു പോയതെന്നാണ് ഷാജ് പറയുന്നത്.