കൊച്ചി: സിപിഐഎം ആവശ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനത്തു നിന്ന് രാജി വയ്ക്കുമെന്ന് കെ.ടി ജലീല്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. കൗണ്‍സില്‍ ജനറലുമായി തനിക്ക് 2017 മുതല്‍ ബന്ധമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കൗണ്‍സില്‍ ജനറലുമായി താന്‍ പരിചയപ്പെടുന്നത് ഷാര്‍ജാ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ച സമയത്ത് മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗായി നിയമിക്കപ്പെട്ടപ്പോഴാണ്. വ്യക്തിപരമായ ബന്ധം താന്‍ നിലനിലനിര്‍ത്തിയിരുന്നു.
2017 മുതല്‍ കൗണ്‍സില്‍ ജനറലിന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നാ സുരേഷുമായും പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഷാര്‍ജാ സുല്‍ത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്ന സുരേഷായിരുന്നു. അന്ന് താനുമായി പരിചയപ്പെട്ടിട്ടുണ്ട്. ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്ന സുരേഷുമായി ബന്ധമില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ കോണ്‍സുലേറ്റില്‍ നിന്ന് ജലീലിന് ലഭിച്ചത് സ്വര്‍ണകിറ്റുകളാണെന്ന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ സ്വര്‍ണ ഖുര്‍ആനാണ് നല്‍കിയതെന്ന് പറഞ്ഞ് വിശ്വാസികളെ വേദനിപ്പിക്കരുതെന്നാണ് ഉദ്ദേശിച്ചത്. ബിജെപി നേതാവിന് കൊടുത്ത മറുപടി എന്തിനാണ് കോണ്‍ഗ്രസുകാരും ലീഗുകാരും ഏറ്റുപിടിക്കുന്നതെന്നും കെ ടി ജലീല്‍ ചോദിച്ചു.