തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിലപാട് വ്യക്തമാക്കാം എന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. ലഭിക്കുന്ന പരാതികളെ കുറിച്ച് വിശദീകരണം തേടുന്നത് സ്വാഭാവികമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാര്‍ക്ക്ദാന വിവാദത്തില്‍ ഇന്നലെയാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ ടി ജലീലും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. മാര്‍ക്ക് ദാന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഗവര്‍ണറെ സമീപിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മാര്‍ക്ക് ദാനവിവാദത്തില്‍ തെളിവുണ്ടെങ്കില്‍ ഗവര്‍ണറെ സമീപിക്കാന്‍ മന്ത്രി കെ ടി ജലീല്‍ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടത്. എം ജി സര്‍വകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയില്‍ മാര്‍ക്ക് ദാനം നടത്താന്‍ മന്ത്രി ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.