ശ്രീനഗര്‍: കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സിയാദ് സലാഹുദ്ദീന്‍.
കശ്മീരിവേക്ക് കുടുതല്‍ ചാവേറുകളെ റിക്രൂട്ട് ചെയ്ത് ഇന്ത്യന്‍ സൈന്യത്തെ നേരിടുമെന്നാണ് സലാഹുദീന്റെ ഭീഷണി.
കശ്മീരില്‍ ഒരുതരത്തിലുമുള്ള സമാധാന ശ്രമങ്ങളും അനുവദിക്കില്ലെന്നും സലാഹുദ്ദീന്‍ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കശ്മീരിലെ സമാധാന ശ്രമങ്ങള്‍ക്കായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കശ്മീരില്‍ എത്താനിരിക്കെയാണ് സലാഹുദ്ദീന്റെ പ്രസ്താവന.
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ പ്രധാനിയാണ് സലാഹുദ്ദീന്‍. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളുടെ സഖ്യമായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ തലവനാണ് സലാഹുദ്ദീന്‍.
കശ്മീരില്‍ ആക്രമണ രീതിയിലല്ലാതെ മറ്റൊരു രീതിയിലുള്ള പ്രശ്‌നപരിഹാരവും സാധ്യമല്ലെന്നും തീവ്രവാദി നേതാവ് പറഞ്ഞു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരിലെ പോരാട്ടങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും സലാഹുദ്ദീന്‍ വ്യക്തമാക്കി.
ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹീദീന്‍ തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം കശ്മീരില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ എഴുപതിലേറെ പേരാണ് കൊല്ലപ്പെട്ടത്.