കൊല്ലം സീറ്റ് പിടിക്കാൻ സ്വരാജിനെ ഇറക്കുമോ? സി.പി.എമ്മിൽ സമ്മർദ്ദം ചെലുത്താൻ ഗണേഷ് കുമാറും

ത്തവണ കൊല്ലം ലോകസഭ സീറ്റിൽ നടക്കാൻ പോകുന്നത് തീ പാറുന്ന മത്സരം സിറ്റിംഗ് എം.പിയായ എൻ.കെ. പ്രേമചന്ദ്രനെ വീഴ്ത്താൻ കരുത്തനായ യുവ സ്ഥാനാർത്ഥിയെയാണ് സി.പി.എം രംഗത്തിറക്കാൻ പോകുന്നത്. ഇതു സംബന്ധമായ ചില സൂചനകൾ സി.പി.എം ഉന്നത നേതാക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം തിരിച്ചു പിടിക്കാൻ സി.പി.എമ്മിന്റെ ഗ്ലാമർ താരം എം.സ്വരാജിനെ ഉൾപ്പെടെയാണ് പരിഗണിക്കുന്നത്. “എല്ലാ സാധ്യതയും പാർട്ടി പരിഗണിക്കുമെന്നാണ്” ഇതു സംബന്ധമായ ചോദ്യത്തിന് സി.പി.എം കേന്ദ്രങ്ങൾ നൽകുന്ന മറുപടി.

തുടർച്ചയായി കൊല്ലം മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിക്കുന്ന എൻ.കെ. പ്രേമചന്ദ്രന് 2019 -ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത് 1,49,772 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ചതും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന പ്രചരണവുമാണ് മറ്റു 18 മണ്ഡലങ്ങളിലെ പോലെ തന്നെ കൊല്ലത്തും യു.ഡി.എഫിനെ തുണച്ചിരുന്നത്. ആ തിരഞ്ഞെടുപ്പിൽ 4,97,264 വോട്ടുകളാണ് യുഡിഎഫിന‌് ആകെ ലഭിച്ചിരുന്നത‌്. ഇടതുപക്ഷ സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിന് 3,47,492 വോട്ടുകളും ലഭിക്കുകയുണ്ടായി. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി കെ വി സാബു നേടിയതാകട്ടെ 1,02,319 വോട്ടുകളുമാണ്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും അന്ന് യുഡിഎഫിന് തന്നെയാണ് ഭൂരിപക്ഷം ലഭിച്ചിരുന്നത്.

ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയറ്റ‌് അംഗമായ എൻ കെ പ്രേമചന്ദ്രൻ നാലാംതവണയാണ് കൊല്ലത്തുനിന്നും പാർലമെന്റ‌് അംഗമായിരിക്കുന്നത്. 1996 ലും 1998ലും ഇടതുപക്ഷ സ്ഥാനാർത്ഥിയായും 2014ലും 2019 -ലും യുഡിഎഫ‌് സ്ഥാനാർത്ഥിയായുമാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്. 2000 – ൽ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് പ്രേമചന്ദ്രനുള്ള ശക്തമായ സ്വാധീനത്തെ മറികടക്കാൻ അട്ടിമറി വിജയം നേടാൻ ശേഷിയുള്ള സ്ഥാനാർത്ഥി തന്നെ വരണമെന്നതാണ് സി.പി.എം അണികളും ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് സി.പി.എം നേതൃത്വത്തിന്റെ മനസ്സിൽ സ്വരാജിന്റെ പേരും ഉയർന്നു വന്നിരിക്കുന്നത്.

സ്വരാജ് സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷ അണികളും കൂടുതൽ ഉഷാറാകും. കഴിഞ്ഞ നിയമസഭയിലെ എം.എൽ.എ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്വരാജ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 992 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടിരുന്നത്. കെ.ബാബുവിന്റെ വിജയത്തിനെതിരെ സ്വരാജ് നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പ് വിതരണം ചെയ്തതത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ ലംഘനമാണെന്ന സ്വരാജിന്റെ വാദം നിലനിൽക്കുന്നതാണെന്ന് കോടതിയും നിരീക്ഷിച്ചിട്ടുണ്ട്. തുടർന്ന് ഹർജിയുമായി മുന്നോട്ട് പോകാമെന്ന് ഹൈകോടതി ഉത്തരവിട്ടിരിക്കുകയാണ്.

ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് കെ ബാബു ഹർജി സമർപ്പിച്ചാൽ തന്റെ ഭാ​ഗംകൂടി കേൾക്കണമെന്ന് അഭ്യർത്ഥിച്ച് സുപ്രീം കോടതിയിൽ മറ്റൊരു തടസ്സഹർജിയും എം സ്വരാജ് നൽകിയിട്ടുണ്ട്. വിധി ബാബുവിന് എതിരായാൽ സ്വരാജിനെ വിജയിയായി പ്രഖ്യാപിക്കുന്നതിനേക്കാൾ തൃപ്പൂണിത്തുറയിൽ ഉപതിരഞ്ഞെടുപ്പിനാണ് സാധ്യത കൂടുതൽ. ഇക്കാര്യത്തിൽ അന്തിമവിധിക്ക് ഇനിയും കാലതാമസമുണ്ടായേക്കുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സി.പി.എം ശക്തികേന്ദ്രമായ കൊല്ലം തിരിച്ചു പിടിക്കാൻ സ്വരാജിനെ സി.പി.എം നിയോഗിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.

കൊല്ലം ലോകസഭ മണ്ഡലത്തിൽപ്പെട്ട പത്തനാപുരം മണ്ഡലത്തിലെ എം.എൽ എയായ കെ.ബി ഗണേഷ് കുമാറും സ്വരാജിനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായമാണ് സി.പി.എം നേതൃത്വത്തിനു മുന്നിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷം 2024 – ലെ തിരഞ്ഞെടുപ്പിൽ 20-ൽ 17 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആഞ്ഞു പിടിച്ചാൽ എളുപ്പത്തിൽ വിജയിക്കാൻ ശേഷിയുള്ള മണ്ഡലമായാണ് കൊല്ലത്തെയും സി.പി.എം നേതൃത്വം വിലയിരുത്തുന്നത്.

EXPRESS KERALA VIEW

Top