കൊടുക്കല്‍-വാങ്ങല്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പേ തീരുമോ? ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി

മുംബൈ: ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുമെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. കൈമാറ്റം ഉറപ്പാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെ നേരത്തെ വന്ന വാര്‍ത്തകളൊക്കെ ആരാധകര്‍ തള്ളിക്കളഞ്ഞു. ഹാര്‍ദിക് ഗുജറാത്തില്‍ തുടരുമെന്നായി. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ട്വിസ്റ്റ്. ഹാര്‍ദികിനെ മുംബൈ തട്ടിയെടുത്തെന്നായിരുന്നു വാര്‍ത്ത; ക്രിക്ക്ബസ് അത് ഔദ്യോഗികമായി പറയുകയും ചെയ്തു.

ട്രേഡിംഗിലൂടെയാണ് മുംബൈ ഹാര്‍ദികിനെ തിരിച്ചെത്തിച്ചത്. ഗുജറാത്ത് നിലനിര്‍ത്തിയ താരത്തെ പിന്നീടെങ്ങനെ മുംബൈ സ്വന്തം പാളയത്തിലെത്തിച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. ട്രേഡിംഗ് നടത്താന്‍ ഡിസംബര്‍ 12 വരെ സമയമുണ്ടെന്നിരിക്കെ നിലനിര്‍ത്തിയ താരങ്ങളെ കൈമാറ്റം ചെയ്യുന്നില്‍ തെറ്റില്ലെന്നാണ് നിയമം പറയുന്നത്. അത് പണം കൊടുത്തിട്ടോ അല്ലെങ്കില്‍ മറ്റൊരു താരത്തെ വച്ചോ കൈമാറ്റം നടത്താം. അതുമല്ലെങ്കില്‍ പണവും താരത്തേയും ഒരുമിച്ച് നല്‍കിയും ട്രേഡിംഗ് നടത്താമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

മുംബൈക്കൊപ്പമുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ അടുത്ത സീസണില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കും. അവസാന നിമിഷം പണം കൈമാറിയാണ് ഗ്രീനിനെ ആര്‍സിബി ടീമിലെത്തിച്ചത്. നേരത്തെ എട്ട് താരങ്ങളെയാണ് ഗുജറാത്ത് ഒഴിവാക്കിയിരുന്നത്. ഇപ്പോള്‍ ഹാര്‍ദിക് ഉള്‍പ്പെടെ ഒമ്പത് പേരായി. അല്‍സാരി ജോസഫ്, ഒഡെയ്ന്‍ സ്മിത്ത്, ദസുന്‍ ഷനക എന്നിവരാണ് അതില്‍ പ്രമുഖര്‍. യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍ എന്നിവരും ടീമിലില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരേയും ടീമില്‍ നിലനിര്‍ത്തി.

Top